ഇരിട്ടി :- കണ്ണീരുണങ്ങാത്ത ഒരു വീടിന്റെ തീരാവേദനയായി മുബഷീറയും യാത്രയായി. മാസങ്ങൾക്ക് മുൻപ് മകനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മുന്നിലേക്ക് വിധി വീണ്ടും ദുരന്തമായെത്തിയപ്പോൾ നാടാകെ വിങ്ങുകയാണ്. ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
2025 നവംബർ 10 നായിരുന്നു മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21) സമാനമായ രീതിയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്. 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണം നൽകിയ മുറിവിൽ നിന്നും ആ മാതാപിതാക്കൾ കരകയറിയിട്ടില്ല. ഇതിനിടെയാണ് മകളെയും കുടുംബത്തിന് നഷ്ടമായത്. മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ മരണം കവർന്നപ്പോൾ ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. തന്റെ ഒന്നര വയസ്സുകാരി മകളെയും പ്രിയപ്പെട്ടവരെയും തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം.
