സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസലിങ് ഏർപ്പെടുത്തണം - ബാലാവകാശ കമ്മീഷൻ


തിരുവനന്തപുരം :- സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസലിങ് നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കുട്ടികളുടെ മനഃശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്സ‌ൺ കെ.വി മനോജ്‌കുമാർ അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ.പി, മോഹൻ കുമാർ എന്നിവരടങ്ങിയ ഫുൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർഥി സംഘർഷത്തെത്തുടർന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ്. വിദ്യാർഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാർച്ചിൽ മരിച്ചതു സംബന്ധിച്ച മാധ്യമവാർത്തയെത്തുടർന്നാണ് നടപടി.

സ്‌കൂളുകളിൽ അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതികൾ നടപ്പാക്കണം. രക്ഷാകർത്താക്കൾക്കായി സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും വേണം. കൗമാരക്കാരെ കലാകായിക-സാഹിത്യ-സംഗീത-നാടക-സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹികസേവനത്തിലേക്കു കൈപിടിച്ച് ഉയർത്താൻ ക്ലബ്ബുകളും പ്രത്യേക പദ്ധതികളും രൂപവത്കരിക്കുകയും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. നിർദേശങ്ങൾ രണ്ടുവർഷത്തിനകം പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും പദ്ധതികൾക്കു രൂപം നൽകേണ്ടതാണെന്നും കമ്മിഷൻ നിർദേശിച്ചു.

Previous Post Next Post