രാജ്യത്ത് 2024-25 ൽ ജനറൽ കോച്ചിൽ യാത്ര ചെയ്തത് 651 കോടി പേർ ; ടിക്കറ്റ് നിരക്ക് കുറവ് ഇന്ത്യയിൽ


കണ്ണൂർ :- രാജ്യത്ത് 2024-25 വർഷം ജനറൽ കോച്ചിൽ (അൺ റിസർവ്ഡ്) യാത്രചെയ്തത് 651 കോടി പേർ. മുൻവർഷത്തെക്കാൾ 42 കോടി പേർ കൂടുതൽ. 2023-24-ൽ 609 കോടിയായിരുന്നു. 2022-23-ൽ 553 കോടിയായിരുന്നു യാത്രക്കാർ. 2024-25 വർഷം 81 കോടി പേർ ടിക്കറ്റ് റിസർവ് ചെയ്ത് യാത്രചെയ്തുവെന്നാണ് റെയിൽവേ കണക്ക്. 13,150 യാത്രാ തീവണ്ടികളാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 17,000 ജനറൽ/ സ്ലീപ്പർ കോ ച്ചുകൾ നിർമിക്കാനുള്ള പദ്ധതിയിലാണ് റെയിൽവേ. ഇന്ത്യയിൽ 82 വന്ദേഭാരത് എക്സ്‌പ്രസുകൾ 164 സർവീസ് നടത്തുന്നു.

പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കെന്ന് റെയിൽവേ അവകാശപ്പെടുന്നു. ഇന്ത്യയിൽ ഓർഡിനറി ടിക്കറ്റിന് ഒരുകിലോമീറ്ററിൽ 20 പൈസയാണ് ഈടാക്കുന്നതെങ്കിൽ പാകിസ്താനിൽ ഇത് 54 പൈസയും ശ്രീലങ്കയിൽ 50 പൈസയും ബംഗ്ലാദേശിൽ 37 പൈസയുമാണ്. സെമി സ്പീഡ് വണ്ടികളുടെ കുറഞ്ഞ നിരക്കും ഇന്ത്യയിലാണ്. 300-400 കി.മി സഞ്ചരിക്കുന്ന വന്ദേഭാരതിൽ ഒരുകിലോമീറ്ററിന് 2.19 രൂപ മാത്രമാണെന്ന് റെയിൽവേ ചുണ്ടിക്കാട്ടുന്നു. ചൈനയിൽ 7 രൂപയും ജപ്പാനിൽ 20 രൂപയും ഫ്രാൻസിൽ 13 രൂപയുമാണ്.

Previous Post Next Post