കമ്പിൽ :- കമ്പിൽ കുമ്മായക്കടവിൽ നടക്കുന്ന മണലൂറ്റൽ നിർത്തിച്ചു. ദേശീയപാത നിർമ്മാണത്തിനായി 'വിശ്വസമുദ്ര' എന്ന കമ്പനിക്ക് മണൽ കൈമാറാനാണ് സർക്കാർ തീരുമാനം. ഇതിനായി സബ് കോൺട്രാക്‌ടറെ ഏൽപ്പിച്ച് ഡ്രഡ്‌ജിംഗ് ആരംഭിച്ചിരുന്നു. സമീപവാസികളുടെയും മുസ്ലിം ലീഗ് പാർട്ടിയുടെയും പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നിലവിൽ പ്രവൃത്തി നിർത്തിവെച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിക്കാതെയാണ് ഈ ഉത്തരവ് ഇറക്കിയത്.
ജലഗതാഗതം സുഗമമാക്കാനെന്ന വ്യാജേന സർക്കാർ നടത്തുന്ന മണലൂറ്റൽ വലിയ പാരിസ്ഥിതിക ആപത്തിന് കാരണമാകുമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്ററ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. യാതൊരുവിധ പാരിസ്ഥിതിക പഠനങ്ങളും നടത്താതെയാണ് ഡ്രഡ്‌ജിംഗ് നടത്തുന്നതെന്നും ഇത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. മണലൂറ്റൽ നടക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷെമീമ, വാർഡ് മെമ്പർ ഫസീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി നസീർ, STU ദേശീയ വൈസ് പ്രസിഡണ്ട് എം.എ കരീം, ജില്ല STU പ്രസിഡണ്ട് ആലികുഞ്ഞി പന്നിയൂർ എന്നിവരും സ്ഥലം സന്ദർശിച്ചു.
ഡ്രഡ്‌ജിംഗ് തുടർന്നാൽ കിണറുകളിൽ ഉപ്പുവെള്ളം കയറാനും ജലം മലിനമാകാനും സാധ്യതയുണ്ട്. ചെളിയടിഞ്ഞ് പ്രദേശമാകെ ദുർഗന്ധം വമിക്കാനും കരയിടിച്ചിലിനും ഇത് കാരണമാകും. പാമ്പുരുത്തി ദ്വീപിൻ്റെ സുരക്ഷയെയും ഇത് ബാധിക്കുമെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി ചൂണ്ടിക്കാട്ടി. പ്രദേശത്തെ വീടുകൾസന്ദർശിച്ചപ്പോൾ ചില കിണറുകളിൽ ഇതിനകം തന്നെ വെള്ളത്തിന് നിറമാറ്റവും മറ്റും സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം.





