ബഡ്‌സ്, ബി.ആർ.സി സ്കൂൾ കലോത്സവം 'തില്ലാന 2026' ന് തുടക്കമായി


ചട്ടുകപ്പാറ :- ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി.ആർ.സി  വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം 'തില്ലാന 2026' ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ തില്ലാന ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ സുലേഖ അധ്യക്ഷത വഹിച്ചു. 

കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കലാമത്സരങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തില്ലാന സംഘടിപ്പിക്കുന്നത്.തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് ആരൂഡം വേദിയൊരുക്കിയത്.450 കലാകാരന്മാർ വിവിധ കലാ മത്സരങ്ങളിലായ് മത്സരിക്കും.

ആദ്യ ദിനത്തിൽ മൂന്ന് വേദികളിലായി ബാൻഡ് മേളം, നാടോടി നൃത്തം, ഒപ്പന, പ്രച്ഛന്ന വേഷം, ലളിത ഗാനം, നാടൻ പാട്ട്, പെയിന്റിംഗ്, ചിത്ര രചന, പേപ്പർ ക്രാഫ്റ്റ്,എമ്പോസ് പെയിന്റിംഗ് എന്നീ മത്സരങ്ങൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടന്നു. മയ്യിൽ, കുറ്റ്യാട്ടൂർ സി ഡി എസ് പ്രവർത്തകർ ആണ് രണ്ട് ദിവസങ്ങളിൽ ആയി ഭക്ഷണം ഒരുക്കുന്നത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന പരിപാടിയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സി വിനോദ് മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.നന്ദിനി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ, കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുശീല, കുറ്റ്യാട്ടൂർ സി ഡി എസ് ചെയർപേഴ്സൺ സി.ബിന്ദു, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.വിജിത്ത്, കെ.രാഹുൽ, പി.ഒ ദീപ, എം.അമർജ്യോത് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ സ്വാഗതം പറഞ്ഞു. 


Previous Post Next Post