കോഴിക്കോട് :- റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നി ആക്രമണം. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ ആണ് സംഭവം നടന്നത്. കോനൂർകണ്ടിയിൽ താമസിക്കുന്ന ഇരുമ്പുകുഴിയിൽ ഷീബ മോഹനന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോൾ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. വീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇവരെ അരീക്കോട്ടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മുറിവിൽ അഞ്ചോളം തുന്നൽ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
