ഹൈദരാബാദ് :- ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയിൽ നടന്നതെന്നും യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായാണ് വിവരം. 20 പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് കാനിപാകത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ബസ്സിൽ 40 യാത്രക്കാരുണ്ടായിരുന്നു. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും ഡ്രൈവർ ഉറങ്ങിപ്പോയതും അപകടത്തിന് കാരണമായെന്ന് പോലീസ് സംശയിക്കുന്നു. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി കത്തിനശിച്ച വാഹനങ്ങൾ നീക്കം ചെയ്‌താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
