AKG യുടെ ഓർമ്മദിനത്തിൽ സ്മരണാഞ്ജലിയർപ്പിച്ചു, സ്നേഹഭവനിലെ അന്തേവാസികൾക്കൊപ്പം സമയം പങ്കിട്ടും തളിപ്പറമ്പ് മണ്ഡലം LDF സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചറുടെ പര്യടനം


ധർമ്മശാല :- എകെജിയുടെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ നിത്യസ്‌മരണയ്‌ക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു തളിപ്പറമ്പ്  മണ്ഡലം LDF സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചർ ഞായറാഴ്‌ച ജനങ്ങൾക്കിടയിലേക്കിറങ്ങിയത്‌. ധർമശാലയിലെ ഇന്ത്യൻ കോഫീഹ‍ൗസിന്‌ മുന്നിലെ എകെജി പ്രതിമയ്‌ക്ക്‌ മുന്നിൽ നടന്ന അനുസ്‌മരണ യോഗത്തിൽ സ്ഥാനാർഥി പങ്കെടുത്തു. തുടർന്ന് നാടുകാണി അൽമഖറിന്‌ കീഴിലെ സ്‌നേഹ ഭവനത്തിലേക്കും ടീച്ചറെത്തി. അൽമഖർ ഇസ്ലാം സ്റ്റഡി സെന്ററിനോട്‌ ചേർന്നുള്ള സ്നേഹഭവനിലെ അന്തേവാസികൾക്കൊപ്പം ടീച്ചർ ഏറെനേരം ചെലവഴിച്ചു. പരിചരണത്തിൽ കഴിയുന്നവരെ ഓരോരുത്തരോടും വിശേഷങ്ങൾ പങ്കിട്ടും സുഖാന്വേഷണം നടത്തിയും പിന്തുണതേടിയും യാത്ര പറഞ്ഞിറങ്ങി.

എളമ്പേരത്തെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും അസുഖ ബാധിതരെ സന്ദർശിച്ചും കഴിഞ്ഞാണ്‌ നാടുകാണിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷാ തൊഴിലാളികൾക്കുമിടയിലേക്കും എത്തിയത്‌. സ്‌നേഹോഷ്‌മളമായ വരവേൽപ്പിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ ടീച്ചർ അവരോട്‌ പിന്തുണതേടി. തുടർന്ന്‌ ഉച്ച തിരിഞ്ഞ്‌ ചപ്പാരപ്പടവ്, ഡോ. എം.പി അസൈനാറുടെ എംഎഎച്ച് ഹോസ്പിറ്റലിലും ചപ്പാരപ്പടവ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. ഒടുവള്ളി, ചാണോക്കുണ്ട്, കൂവേരി, പെരുമ്പടവ്, എടക്കോം എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചാണ്‌ ഞായറാഴ്‌ച പര്യടനം അവസാനിച്ചത്‌. നാളെ മാർച്ച്‌ 23 തിങ്കളാഴ്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങളും നെയ്ത്തുശാലകളും ഓഫീസുകളും സന്ദർശിക്കും. വൈകുന്നേരം 3 മണിക്ക് കോർട്ട് റോഡ്‌ റിക്രിയേഷൻ ക്ലബ്ബിൽ അഭിഭാഷകരുടെ കൺവെൻഷനിലും പങ്കെടുക്കും. 

 








Previous Post Next Post