കണ്ണൂർ :- ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു. എറണാകുളം, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് l, തൃശ്ശൂർ, കോട്ടയം, വയനാട് ജില്ലകൾ കഴിഞ്ഞാൽ കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ജില്ലയാണ് കണ്ണൂർ. കോവിഡ് സാഹചര്യത്തിൽ 2022-ൽ വിനോദസഞ്ചാരികളുടെ വരവ് എല്ലായിടത്തെയും പോലെ കണ്ണൂരിലും കുറഞ്ഞിരുന്നു. 2023 ആയപ്പോഴേക്ക് മാറ്റം വന്നുതുടങ്ങി. 2023-ൽ 2291-ഉം 204-ൽ 2649-ഉം വിദേശ വിനോദസഞ്ചാരികൾ ജില്ലയിലെത്തി. കഴിഞ്ഞവർഷം ജൂൺ വരെയുള്ള കണക്കു പ്രകാരം 1732 പേരാണെത്തിയത്. 2023-ൽ 854,838 ആഭ്യന്തര വിനോദ സഞ്ചാരികളെത്തി. 2024-ൽ 857,686-ഉം കഴിഞ്ഞവർഷം ജൂൺ വരെ 50,0355 പേരുമെത്തി. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സർവേയിലാണ് ഈ വിവരങ്ങളുള്ളത്.
കൊച്ചിയിൽ വിമാനമിറങ്ങുന്ന വിദേശികൾക്ക് ആലപ്പുഴ- കുമരകം ജലയാത്രയും മൂന്നാറിലെ ഹൈറേഞ്ചുമാണ് ആകർഷണം. അതനുസരിച്ചുള്ള പാക്കേജുകളാണ് ടൂറിസം സംരംഭകർ ഒരുക്കുന്നത്. കൊച്ചി-ആലപ്പുഴ, കുമരകം-മൂന്നാർ എന്നിവയെക്കാൾ കുറഞ്ഞ ദൂരത്തിനുള്ളിൽ സഞ്ചരിച്ച് അതേ ടൂറിസം സവിശേഷതകൾ ആസ്വദിക്കാനാകുമെന്നതാണ് കണ്ണൂരിന്റെ പ്രത്യേകത. വിശാലമായ പുഴകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളത്. ഹരിതഭംഗതി ആസ്വദിച്ച് യാത്രചെയ്യാനാകും. പറശ്ശിനിക്കടവും മറ്റും കേന്ദ്രീകരിച്ച് കെട്ടുവള്ളങ്ങളുണ്ട്. മലബാർ റിവർക്രൂസ് പദ്ധതിയിൽ ബോട്ട് ടെർമിനലുകളുമുണ്ട്.
ജില്ലയുടെ വിനോദസഞ്ചാര സവിശേഷതകൾ ടൂറിസം ഓപ്പറേറ്റർമാരിലേക്ക് എത്തിക്കാനായി മൂന്ന് വർഷമായി ശ്രമം തുടങ്ങിയിട്ട്. ഉത്തരമലബാറിൻ്റെ ടൂറിസം വികസനത്തിനായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിൽ രൂപവത്കരിച്ച നോംറ്റോ (നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ) ആണ് ഇതിന് ചുക്കാൻ പിടിച്ചത്. നോംറ്റോയുടെ കീഴിൽ മൂന്നുവർഷമായി ട്രാവൽ ബസാറുകൾ നടന്നുവരുന്നുണ്ട്. ഇത് കണ്ണൂരിലെ ടൂറിസം മേഖലയുടെ ഉണർവിന് കാരണമായിട്ടുണ്ടെന്ന് സംരംഭകർ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരു, മൈസൂരു, കുടക്, വയനാട് എന്നിവയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ട് പാക്കേജുകൾക്ക് സംരംഭകർ തുടക്കമിട്ടിട്ടുണ്ട്. സഞ്ചാരികളെ ഉത്തരമലബാറിലേക്ക് ആകർഷിക്കുന്നതിന് വഴിയൊരുക്കാനാണിത്. മാത്രമല്ല, തെക്കൻ ജില്ലകളെ അപേക്ഷിച്ച് ടൂറിസ്റ്റുകൾ അധികം കടന്നുചെല്ലാത്ത മേഖലകളാണ് കണ്ണൂരിലുള്ളത്. അതുകൊണ്ടുതന്നെ പുതിയ കേന്ദ്രങ്ങൾ തേടുന്നവർക്ക് കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ മികച്ച സാധ്യതയാണ്. ഗതാഗത സൗകര്യക്കുറവാണ് ഇതിനുള്ള തടസ്സമായി ടൂറിസ്റ്റുകൾക്ക് മുന്നിലുള്ളത്. ദേശീയ പാതാനവീകരണം പൂർത്തിയാകുകയും വിമാനത്താവളത്തിൽ കൂടുതൽ വിദേശ സർവീസുകൾ തുടങ്ങുകയും ചെയ്താൽ വലിയ മാറ്റം വരുമെന്നാണ് ടൂറിസം സംരംഭകരുടെ പ്രതീക്ഷ.
