തിരുവനന്തപുരം :- സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. നേരിട്ട് വെയിലേൽക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തിൽ നിന്ന് ജലം നഷ്ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം. കടകളിലും ഹോട്ടലുകളിലും ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പാക്കണം.
അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക. വീട്ടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി ഉപയോഗിക്കുക. ജലാംശം ധാരാളമുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കഴിക്കണം. വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്. വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം.
