ദില്ലി :- കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്‌കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റം വരും. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.
ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി, പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, റബ്ബർ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
