നിയന്ത്രണം വിട്ട ബസ് മതിൽ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി ; ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്


കോഴിക്കോട് :- കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ കോഴിക്േകാട് അഴിഞ്ഞിലത്താണ് സംഭവം. ബസ് മതിൽ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചുകയറുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങികിടക്കുകയായിരുന്ന വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് പരിക്കേറ്റു. കരാടിയിൽ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അഴിഞ്ഞിലത്ത് ഇറക്കവും വളവും കഴിഞ്ഞ് വന്ന ബസ് അമിത വേഗതയിൽ നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍ ഇടിച്ചു തകര്‍ത്ത് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മതിലിൽ ഇടിച്ച് ബസിന്‍റെ വേഗത കുറഞ്ഞതിനാൽ വീടിന്‍റെ ചുമരിൽ ഇടിച്ച് നിൽക്കുകയായിരുന്നു. 

വീടിന്‍റെ ഗ്ലാസുകളും എസിയടക്കമുള്ള ഉപകരണങ്ങളും അടക്കം തകര്‍ന്നു. വലിയ ശബ്ദം കേട്ടും പുക ഉയര്‍ന്നതും കണ്ടാണ് വീട്ടിലുണ്ടായിരുന്ന മകളും അമ്മയും എഴുന്നേറ്റത്. വീട്ടുകാര്‍ വരുന്നതിന് മുന്‍പെ തന്നെ ബസിലെ ഡ്രൈവര്‍ ഇറങ്ങിപോയിരുന്നു. യാത്രക്കാരെ എടുക്കാനായി പോയ ബസായിരുന്നതിനാൽ അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്‍റെ ബെഡ് റൂമിനോട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. ബസ് ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. മതിൽ ഇല്ലായിരുന്നെങ്കിൽ വീട് അടക്കം തകരുന്ന സ്ഥിതിയുണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിന്‍റെ ആള്‍ക്കാരെ വിളിച്ചിട്ട് കിട്ടിയില്ലെന്നും ഡ്രൈവറടക്കമുള്ളയാളുകളെക്കുറിച്ച് വിവരമില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകി.

Previous Post Next Post