കണ്ണൂർ :- ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കറുക്കുട്ടിയിൽ വഴിയരികിൽ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ മാലിന്യം നിക്ഷേപിച്ചയാളിൽ നിന്നും പിഴയീടാക്കുന്നതിന് പയ്യന്നൂർ കോടതിയിൽ പഞ്ചായത്ത് കേസ് ഫയൽ ചെയ്തതായി തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. താൻ റോഡിൽ മാലിന്യം നിക്ഷേപിച്ചതായി ആരോപിച്ച് തന്നെ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും വിളിച്ചു വരുത്തി അപമാനിച്ചെന്ന് ആരോപിച്ച് പാടിയോട്ട് ചാൽ സ്വദേശിനി സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശാനുസരണമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
പരാതിക്കാരിയെയും പഞ്ചായത്ത് ജീവനക്കാരെയും നേരിൽകേട്ടതായി റിപ്പോർട്ടിൽ പറഞ്ഞു. 2023 ജൂൺ 19 ന് കുറുക്കുട്ടിയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യപാക്കറ്റിൽ നിന്നും പരാതിക്കാരിയുടെ പേരിൽ പൊന്നമ്പാറ ബാങ്കിൽ നിന്നുള്ള സ്വർണപണയ രസീത് കിട്ടിയതിനെതുടർന്നാണ് പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തി പരാതിക്കാരി മോശമായി സംസാരിക്കുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പരാതിക്കാരി യൂ ട്യൂബറാണെന്നും വീഡിയോ അപ് ലോഡ് ചെയ്യുമെന്നും ഭിഷണിപ്പെടുത്തി. പഞ്ചായത്ത് ജീവനക്കാർ പരാതിക്കാരിയെ അപമാനിച്ചിട്ടില്ല. പിഴയടക്കാൻ നിർദ്ദേശിച്ചെങ്കിലും അടയ്ക്കാൻ തയ്യാറായില്ല. തുടർന്ന് പിഴ ഈടാക്കാൻ പയ്യന്നൂർ കോടതിയിൽ കേസ് ഫയൽ ചെയ്തതായും റിപ്പോർട്ടിൽ പറഞ്ഞുഅന്വേഷണ റിപ്പോർട്ട് പരാതിക്കാരിക്ക് അയച്ചു നൽകിയെങ്കിലും ആക്ഷേപം ബോധിപ്പിക്കാത്ത സാഹചര്യത്തിൽ കേസ് തീർപ്പാക്കി.
