പാലക്കാട് :- പാലക്കാട് കൂനത്തറയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടിൽ 63 കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. മദ്യലഹരിയിൽ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്. ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.
വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യിൽ കിട്ടിയ മരത്തടി കൊണ്ടാണ് പിതാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡിൽ ആണ് ഇയാളുള്ളത്. മകനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
