'സദ്ഗമയ' കൊളച്ചേരി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു
കൊളച്ചേരി:- സനാതന ധർമ്മം അതിൻ്റെ പരം വൈഭവത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഈ ധർമ്മം ഈ രാഷ്ട്രത്തിൻ്റെ ആത്മാവാണെന്നും ഇത് ഗ്ലാനിയേശാതെ നിലനിൽക്കേണ്ടത് ഭാരതത്തിൻ്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും സംപൂജ്യ സ്വാമി അമൃത കൃപാനന്ദപുരി പറഞ്ഞു. ചേലേരി സുബ്രഹ്മണ്യസ്വാമി ഷേത്ര സന്നിധി സന്നിധിയിൽ നടന്ന കൊളച്ചേരി പഞ്ചായത്ത് 'സദ്ഗമയ' ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംപൂജ്യ സ്വാമി സ്വാമി അമൃത കൃപാനന്ദപുരി.
കൊളച്ചേരി പഞ്ചായത്തിലെ വിവിധ ക്ഷേത്ര ഭാരവാഹികളെയും, സമുദായ സംഘടനകളെയും സമന്വയിപ്പിച്ചു കൊണ്ട് ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്ര സന്നിധി സന്നിധിയിൽ വച്ചായിരുന്നു 'സദ്ഗമയ' ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
അയൽ നാടുകളിലേക്ക് നോക്കിയാൽ സനാതനധർമ്മം ക്ഷയിച്ച ഇടങ്ങളെല്ലാം സങ്കുചിതമായ സെമിറ്റിക് മതങ്ങൾ "മതരാഷ്ട്രം" നിർമ്മിച്ചതായി നമുക്ക് കാണാൻ കഴിയുമെന്നും ലോകമാകെ ഇത്തരം മതങ്ങളിൽ നിന്ന് രൂപപ്പെടുന്ന തീവ്രചിന്താധാരകൾ അശാന്തിയും അസ്വസ്ഥതകളും അക്രമവും പടർത്തുന്നത് നമ്മൾ അറിയുന്നു എന്നും ഈ സന്ദർഭത്തിൽ "വസുധൈവ കുടുംബകം" ലോകം മുഴുവൻ ഒരൊറ്റ കുടുംബമാണ് എന്ന അതിശ്രേഷ്ഠമായ സഹോദര്യത്തിൻ്റെ ഏകാത്മകതയുടെ സന്ദേശം പ്രസരിപ്പിക്കുന്ന സനാതന ധർമ്മ സംസ്കൃതിയുടെ അമൂല്യത ഇന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നും സ്വാമിജി പറഞ്ഞു.
ചേലേരി വൈദ്യര് കണ്ടിയിൽ നിന്നും സംപൂജ്യ അമൃത കൃപാനന്ദപുരി സ്വാമികളെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരണ ഘോഷയാത്രയായി ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടായിരുന്നു പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് ക്ഷേത്രമുറ്റത്ത് വച്ച് വിവിധ മാതൃ സമിതികളുടെ നേതൃത്വത്തിൽ സാമൂഹ്യ തിരുവാതിര അരങ്ങേറി.
തുടർന്ന് മാതാ അമൃതാനന്ദമയീ മഠാധിപതി സംപൂജ്യ സ്വാമി അമൃത കൃപാനന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം പ്രസിഡന്റ് ശ്രീ കെ ടി പത്മനാഭൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ രാജേഷ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. 'കുടുംബ ഭദ്രതയിൽ സ്ത്രീകളുടെ പ്രാധാന്യം ' എന്ന വിഷയത്തിൽ ശ്രീമതി നിഷ ടീച്ചർ പ്രഭാഷണം നടത്തി.
തുടർന്ന് അമ്പത് വർഷം ദാമ്പത്യം പൂർത്തിയാക്കിയ ദമ്പതികളെയും വിവിധ മേഖലയിൽ പ്രതിഭകളായ വ്യക്തിത്വങ്ങളെയും പ്രശ്നോത്തരി, ചിത്രരചനാ വിജയികളെയും ചടങ്ങിൽ വച്ച് ആദരിച്ചു. സ്വാഗത സംഘം സംയോജകൻ ശ്രീ പി സജീവൻ മാസ്റ്റർ പരിചയ ഭാഷണം നടത്തി.
ചടങ്ങിന് സ്വാഗത സംഘം സെക്രട്ടറി അഡ്വ.സി ഒ ഹരീഷ് സ്വാഗതവും ട്രഷറർ ശ്രീ ബാലചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് വിവിധ കലാപരിപാടികളും കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂൾ അവതരിപ്പിച്ച ഭജൻ സന്ധ്യയും അരങ്ങേറി.













