ന്യൂഡൽഹി :- ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് വിവരങ്ങൾ തേടി സുപ്രീംകോടതി. ഓരോ ജയിലിലെയും തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മേയ് 18നകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
വനിതാ ജയിലുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, വൈദ്യസഹായം, തടവുകാരായ സ്ത്രീകൾക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ജയിലുകളിൽ തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം, നിലവിലെ തടവുകാരുടെ എണ്ണം, ജയിൽ ജീവനക്കാരുടെ അംഗീകൃത തസ്തികകൾ, ഒഴിവുകൾ, അവ നികത്താൻ സ്വീകരിച്ച നടപടികൾ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
