കൊളച്ചേരി :- കുട്ടികളെ രക്ഷിതാക്കളൊപ്പം വളർത്തുകയല്ല കുട്ടികളോടൊപ്പം അവർ വളരുകയാണ് വേണ്ടതെന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും മനശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എ.വി രത്നകുമാർ പറഞ്ഞു. കുട്ടികളോട് അവരുടെ പ്രകൃതമറിഞ്ഞ് പെരുമാറണം. പല വിധത്തിലുള്ള മാനസിക പ്രശ്നങ്ങളിൽ പെട്ടവരാണ് ഇന്നത്തെ കുട്ടികൾ. മുതിർന്നവരിൽ നിന്നും അവർക്ക് ഉണ്ടാവുന്ന അനുഭവങ്ങളാണതിനു കാരണം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്താൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം പറഞ്ഞു. കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്‌കൂൾ വാർഷികാഘോഷം' സാകല്യം' - 26 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ പ്രഥമാധ്യാപകൻ ജി.വിശാഖൻ മാസ്റ്റർക്ക് സമ്മേളനം ആദരാഞ്ജലി അർപ്പിച്ചു. പ്രഥമാധ്യാപകൻ വി.വി ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര, ഗ്രാമപഞ്ചായത്ത് മെമ്പർ സി. പുരുഷോത്തമൻ, ബി.പി. സി മയ്യിൽ എം.വി നാരായണൻ എന്നിവർ എൻ്റോവ്മെൻ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ബട്ടർഫ്ലൈ ഗാർഡൻ പ്രീസ്‌കൂൾ, കൊളച്ചേരി സെൻട്രൽ, പാടിയിൽ, പെരുമാച്ചേരി അങ്കണവാടി കുട്ടികൾ, സ്കൂളിൻ്റെ ആഭിമുഖ്യത്തിലുള്ള കൊളച്ചേരി കലാഗ്രാമം വിദ്യാർഥികൾ, മദേർസ് ഫോറം എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മുൻ പ്രഥമാധ്യാപിക സി.കമലാക്ഷി, കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.വി ഷിജിൻ, മദേർസ് ഫോറം പ്രസിഡൻ്റ് നമിത പ്രദോഷ് , ധ്രുപദ് അനൂപ് , റിയ മെഹ്റിൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡൻ്റ് ടി.സുബ്രഹ്മണ്യൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.ശിഖ നന്ദിയും പറഞ്ഞു.


