കൊളച്ചേരിയിൽ വീണ്ടും തെരുവുനായ ആക്രമണം ; വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 9 വയസ്സുകാരിക്ക് നായയുടെ കടിയേറ്റു


കൊളച്ചേരി :- നാട്ടുകാരെ ഭീതിയിലാഴ്ത്തി കൊളച്ചേരിയിൽ വീണ്ടും തെരുവുനായയുടെ വിളയാട്ടം. നായയുടെ ആക്രമണത്തിൽ 9 വയസ്സുകാരിക്ക് പരിക്കേറ്റു. കൊളച്ചേരി  കൊളച്ചേരി എൽ.പി സ്കൂളിന് സമീപത്തെ ഓത്തിക്കണ്ടി റിസ്വയ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് ചൊവ്വാഴ്ച രാവിലെ വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന റിസ്വയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തുടയിൽ ആഴത്തിലുള്ള മുറിവുണ്ട്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊളച്ചേരിയിൽ വ്യാപകമായി തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. കൊളച്ചേരി, പാടിയിൽ ഭാഗങ്ങളിൽ രണ്ടുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പശുക്കൾക്കും നായയുടെ കടിയേറ്റിരുന്നു. തെരുവുനായ ശല്യം കാരണം നാട്ടുകാർ ഭീതിയിലാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ്. അവധിക്കാലത്ത് വീടിനു പുറത്തിറങ്ങി കളിക്കുന്ന കുട്ടികൾക്ക് നായകൾ വൻ ഭീഷണിയായിരിക്കുകയാണ്. ജനങ്ങൾക്ക് ഭീഷണിയായി കൊളച്ചേരിയിൽ വ്യാപകമായി ഉണ്ടാവുന്ന ഇത്തരം നായ ശല്യത്തിനെതിരെ അധികൃതർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post