ഹർത്താൽ അവധി ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിപ്പെട്ട് മരിച്ചു


കൊച്ചി :- അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ ആറ് വിദ്യാർത്ഥികളിൽ 2 പേരുടെ മരണത്തിലാണ് യാത്ര അവസാനിച്ചത്. ഒഴുക്കിൽപെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം, കൊല്ലം സ്വദേശികളായ അജ്‌മൽ, അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന് അടുത്തുകൂടെയാണ് പെരിയാർവാലി കനാൽ പോകുന്നത്. ഹർത്താലായതിനാൽ ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ കനത്ത ചൂടായതിനാലാണ് ഇന്ന് ഇവിടെ കുളിക്കാനെത്തിയത്. ആറ് പേരാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്ന് പേരാണ് കുളിക്കാനിറങ്ങിയത്. പത്തടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഇതോടെയാണ് കുട്ടികൾ ഒഴുക്കിൽപെട്ടത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post