കണ്ണൂർ:- ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.വിഷുക്കണി ഒരുക്കിയും പടക്കങ്ങൾ പൊട്ടിച്ചും കൈനീട്ടം കൊടുത്തും വിഷു ആഘോഷമാക്കുന്നു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷു പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.
ശബരിമലയിലും ഗുരുവായൂരിലും അടക്കം സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ഒരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.ശബരിമലയിൽ വിഷുകണി ദർശനം നടത്താൻ നിരവധി പേരാണ് എത്തിയത്. രാത്രി മേൽശാന്തിയും കീഴ്ശാന്തിയും ചേർന്നു വിഷുക്കണി ഒരുക്കി നട അടയ്ക്കും.
വിഷുദിനത്തിൽ പുലർച്ചെ 4ന് നട തുറന്ന് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തരെയും. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.
