കണ്ണാടിപ്പറമ്പ് :- ധർമ്മശാസ്താ ക്ഷേത്ര ഉത്രവിളക്കു മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ നാളെ ഏപ്രിൽ 3 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ആരുഢസ്ഥാനമായ നാറാത്ത് പാണ്ഡ്യൻ തടസ്ഥാനത്തേക്ക് വാരം റോഡ്, ചേലേരിമുക്ക്, വൈദ്യർകണ്ടി, ചേലേരി അമ്പലം, എടക്കൈത്തോട്, ഓണപ്പറമ്പ് വഴി വാദ്യമേളങ്ങളോടു കൂടി ആനപ്പുറത്തെഴുന്നള്ളത്ത് നടക്കും. പാണ്ഡ്യൻ തടസ്ഥാനത്ത് നിവേദ്യ പൂജയും മട്ടന്നൂർ പഞ്ചവാദ്യസംഘത്തിൻ്റെ തായമ്പകയും ഉണ്ടായിരിക്കും. തിരിച്ചെഴുന്നള്ളത്തിന് ക്ഷേത്ര പരിസരത്ത് ഗംഭീര സ്വീകരണവും ശേഷം തിടമ്പുനൃത്തവും നടക്കും.
നാലാം വിളക്കായ ശനിയാഴ്ച വിശേഷാൽ ചടങ്ങുകളും രാത്രി 7.30 ന് സിത്താനി ഭജൻസും ഉണ്ടായിരിക്കും. ബുധനാഴ്ച രാത്രി ആനയിടഞ്ഞു വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാക്കിയെങ്കിലും അധികൃതരുടെയും ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകൾ കൂടുതൽ സങ്കീർണതയിലേക്കു നയിക്കാതെ ഉത്സവാഘോഷങ്ങൾ തുടരുന്നതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.
