ഇടുക്കി:-ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. മണ്ണത്തൂർ സ്വദേശി സാറാമ്മ ആറു മാസം പ്രായമായ നിക്കു എന്നിവരാണ് മരിച്ചത്. ജീപ്പിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ജീപ്പിലെ യാത്രക്കാരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. നാരകകാനത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കൂത്താട്ടുകുളം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വിവാഹശേഷം തൊട്ടടുത്തുള്ള വ്യുപോയിന്റ് കാണാൻ പോയ സംഘം തിരിച്ചു വരുമ്പോഴായിരുന്നു അപകടം. 200 ലേറെ അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
