തളിപ്പറമ്പ് :- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്‌ടറായ അനന്ത് അംബാനി കേരളത്തിലെ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും ഗുരുവായൂർക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും 3 കോടി വീതം സംഭാവന നൽകുകയും രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്രനവീകരണത്തിനായി 12കോടി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ ചരിത്ര പ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിന്റെ്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി അധികപിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.ഏപ്രിൽ 2-ാം തീയതി രാത്രി ഏകദേശം 8 മണിയോടെ തളിപ്പറമ്പിലെ ചരിത്രപ്രാധാന്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയ അനന്ത് അംബാനി, പൊന്നും കുടം, പട്ട്, താലി, നെയ്യമൃത് തുടങ്ങിയ പരമ്പരാഗത വഴിപാടുകൾ സമർപ്പിക്കുകയും അശ്വമേധനമസ്കാരം നിർവഹിക്കുകയും ചെയ്‌തു. ക്ഷേത്ര നവീകരണത്തിനായി 3കോടി രൂപയുടെ ചെക്കും കൈമാറി.
12 കോടിയുടെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി, ക്ഷേത്രത്തിന്റെയത്ര തന്നെ പുരാതനമെന്നു കരുതപ്പെടുന്ന ശില്പശൈലിയും പൗരാണിക പ്രാധാന്യവും നിറഞ്ഞ കിഴക്കൻ ഗോപുരത്തിന്റെ്റെ പുനരുദ്ധാരണത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രണ്ട് നൂറ്റാണ്ടിലേറെയായി കേടുപാടുകളോടെ നിലനിന്നിരുന്ന ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രഖ്യാപനം ഭക്തർക്കും ക്ഷേത്രഅധികാരികൾക്കും ഏറെ സന്തോഷം നൽകിയ ഒരു മുഹൂർത്തമായി. ഭക്‌തർക്കുള്ള സമഗ്ര അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഈ തുകയിൽ നിന്ന് ഒരു ഭാഗം പാർക്കിങ് സൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കും.
അനന്ത് അംബാനിയോടൊപ്പം അടുത്ത സഹപ്രവർത്തകരും ഉണ്ടായിരുന്നു. ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ പരമ്പരാഗത ബഹുമതികളോടെ സ്വീകരിച്ചു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി. പി. വിനോദ്കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. പി.വിനയൻ, മുഖ്യതന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേദിവസം വൈകുന്നേരം ഏകദേശം 5മണിയോടെ, അനന്ത് അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് ഗുരുവായൂരപ്പന് പ്രാർഥനകൾ അർപ്പിക്കുകയും ക്ഷേത്രട്രസ്റ്റിന് 3 കോടിസംഭാവനയായി നൽകുകയും ചെയ്തു.വൻതാര (Vantara) മുഖേന മൃഗസംരക്ഷണത്തിലും പരിപാലനത്തിലും ഉള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി, ഗുരുവായൂരിലെ ക്ഷേത്ര ആനകളുടെ ക്ഷേമത്തിനായി വിവിധപദ്ധതികൾക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. ഇതിൽ പ്രത്യേക ആനയാശുപത്രി നിർമാണം ചങ്ങലകളില്ലാത്ത അഭയകേന്ദ്രം, കുടാതെ ആനകൾക്ക് ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുന്ന ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു ഗുരുവായൂരിൽ, ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉൾപ്പെടെയുള്ള ക്ഷേത്രഅധികാരികൾ അദ്ദേഹത്തെ സ്വീകരിച്ചു. പരമ്പരാഗത സ്‌മരണികകളും പ്രസാദവും നൽകി ആദരിച്ചു. ദേവസ്വം വകുപ്പിൻ്റെ മുതിർന്ന ഉദ്യോഗസ്‌ഥർ ചടങ്ങിൽ പങ്കെടുത്തു.
