കയ്യങ്കോട് :- വാർധക്യത്തിന്റെ വിരസതകളിൽ നിന്ന് മാറി മനസ്സിനും ശരീരത്തിനും ഉന്മേഷം പകരാൻ ഒരു ഉള്ളാസായാത്ര. കൊളച്ചേരി പഞ്ചായത്തിലെ മുസ്ലീംലീഗ് കയ്യങ്കോട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കോടിപ്പൊയിൽ മുസ്‌തഫ ഫ്ലാഗ് ഓഫ് ചെയ്താണ് വിനോദ യാത്രക്ക് തുടക്കമായത്. വാർഡിലെ വയോജനങ്ങളുടെ ഒത്തുചേരലിനും സൗഹൃദം പുതുക്കലിനും ഈ യാത്ര വേദിയായി.
പാട്ടുകൾ പാടിയും തമാശകൾ പറഞ്ഞും ഓരോരുത്തരും യാത്രയിലുടനീളം ആവേശഭരിതരായി. പ്രായത്തിന്റെ അവശതകൾ മറന്ന് പുതിയ കാഴ്ചകൾ കണ്ടും പ്രകൃതി ഭംഗി ആസ്വദിച്ചും അവർ ഒരു ദിനം അവിസ്മരണീയമാക്കി. യാത്രയിലുടനീളം വയോജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും പരിചരണവും ഉറപ്പാക്കാൻ ഭാരവാഹികൾ സജീവമായി കൂടെയുണ്ടായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് വാർഡ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വയോജനങ്ങൾക്ക് സ്നേഹത്തിൻ്റെ തണലൊരുക്കി മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് കയ്യങ്കോട് മുസ്ലിം ലീഗ് കമ്മറ്റി വാർഡ് മെമ്പർ ഫസീല.പി യുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട യാത്രയിൽ 25 പേർ പങ്കെടുത്തു. 55 നും 85നും ഇടയിൽ വയസ്സുള്ള ഇരുപത്തി അഞ്ച് വയോധികരോടൊപ്പം അഞ്ച് വനിതാ വളണ്ടിയരുടെ സേവനവും യാത്രയിൽ ഉണ്ടായിരുന്നു.
മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷനിലെ അപൂർവ്വ ദൃശ്യാനുഭവം വയോധികരെ അദ്ഭുതവും ആഹ്ലാദവും നിറയ്ക്കുന്ന അനുഭവമായി മാറി. തുടർന്ന് പുതിയങ്ങാട് കടലോരത്തെ ചൂട്ടാട് ബീച്ചിലെ മനോഹര കാഴ്ചകളും വീശിഅടിക്കുന്ന ഉപ്പുരസമുള്ള കാറ്റും ആസ്വദിച്ച് മണൽ തരികളോട് കിന്നാരം പറഞ്ഞ്കൊണ്ട് രാത്രി 7മണിയോടെ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ വിനോദയാത്ര അക്ഷരാർത്ഥത്തിൽ മനസ്സുനിറഞ്ഞ യാത്രയായി മാറി. ബ്ലോക്ക് മെമ്പർ ഹൗസിയ്യ കെ.സി.പി, മുഹമ്മദ് കുട്ടി മാസ്റ്റർ, അഫ്സൽ കയ്യങ്കോട്, കുഞ്ഞിദ് കുട്ടി ഹാജി, അബ്ദുൾ റഷീദ് തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.





