പയ്യന്നൂർ :- എട്ടുകോച്ചായി ചുരുക്കിയിരുന്ന ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമുവിന്റെ കോച്ച് (റേക്ക്) 12 ആക്കി. എന്നാൽ 16 കോച്ചാകാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. അറ്റകുറ്റപ്പണിയുടെ പേരിലാണ് ഒരാഴ്ചയായി 16 കോച്ച് വണ്ടി പിൻവലിച്ചത്. അതിനുപകരം പാലക്കാട് മെമു ഡിപ്പോയിൽ നിന്നുള്ള എട്ടു കോച്ച് ഉപയോഗിച്ചാണ് ഓടിച്ചിരുന്നത്. കൊല്ലം മെമു ഷെഡിന് കീഴിലുള്ള വണ്ടിയാണ് ഷൊർണൂർ-കണ്ണൂർ മെമു. ഇത് 16 കോച്ചുമായി 2025 ജൂലായിലാണ് സർവീസ് തുടങ്ങിയത്. 2021 മാർച്ചിലാണ് ഷൊർണൂർ മുതൽ കണ്ണൂർ വരെ മെമു ഓടിത്തുടങ്ങിയത്.
മെമു വണ്ടികൾ നൽകാതെ മലബാറിനോട് റെയിൽവേയുടെ കടുത്ത അവഗണന. താംബരത്തുനിന്ന് പാലക്കാട് ഡിവിഷനിലേക്ക് 12 കോച്ച് മെമു അനുവദിച്ചിട്ടും ഇതുവരെ നൽകിയില്ല. ചീഫ് ഓപ്പറേഷൻസ്, മെക്കാനിക്കൽ വിഭാഗങ്ങളുടെ യോഗത്തിലാണ് 12 കോച്ച് മെമു അനുവദിക്കാൻ തീരുമാനിച്ചത്. അതിന്റെ ഉത്തരവും ഇറങ്ങി. എന്നാൽ വണ്ടി പാലക്കാട്ടേക്ക് വന്നില്ല. കൊല്ലം ഡിപ്പോയ്ക്ക് 16 കോച്ച് മെമു നൽകിയിരുന്നു. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ പുതിയ മെമുവും അനുവദിച്ചു. എന്നാൽ കണ്ണൂർ-മംഗളൂരു 132 കിലോമീറ്ററിൽ ഒരു മെമുവിൻറെ പേരുപോലും ഉയർന്നില്ല. ഒൻപതുമണിക്കൂർ കണ്ണൂരിൽ വന്നുനിൽക്കുന്ന ഷൊർണൂർ-കണ്ണൂർ മെമു മംഗളുരുവിലേക്ക് നീട്ടാൻ ഒരു തടസ്സവുമില്ലെന്നിരിക്കെ റെയിൽവേ നടപ്പാക്കിയില്ല. ജനപ്രതിനിധികളും ഇടപെട്ടില്ല.
മലബാറിൽ (ഷൊർണൂർ-കണ്ണൂർ) ഓടുന്നത് ഒരു മെമു മാത്രമാണ്. കണ്ണൂർ-മംഗളൂരു റൂട്ടിൽ ഒരു വണ്ടിപോലുമില്ല. പാലക്കാട് മെമു ഷെഡ് വിപുലീകരിച്ചിട്ടും ഇതാണ് ഗതി. പാസഞ്ചർ വണ്ടികൾക്ക് പകരം മെമു ഓടിക്കുമെന്ന 2020-ലെ പ്രഖ്യാപനം ഇതുവരെ നടന്നില്ല. പ്രത്യേകിച്ചും മലബാറിൽ. ഒരുമിച്ച് കുറേ വണ്ടികൾ പോയിക്കഴിഞ്ഞാൽ അടുത്ത വണ്ടിക്ക് മലബാറുകാരുടെ കാത്തിരിപ്പ് നീളുകയാണ്. രാവിലെ ഓടുന്ന 15 കോച്ചുകളുണ്ടായിരുന്ന കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ് സ്പെഷ്യൽ ആകട്ടെ 11-12 കോച്ചുകളായി ചുരുങ്ങുകയും ചെയ്തു.
