2 ലക്ഷം കോടി രൂപ കടന്ന് ഐഫോൺ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി



മുംബൈ :- ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ഐഫോൺ കയറ്റുമതി  2025-26 സാമ്പത്തിക വർഷം രണ്ടുലക്ഷം കോടി രൂപ കടന്നു. കേന്ദ്ര സർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പി.എൽ.ഐ) പദ്ധതിയുടെ കാലാവധിതീരുന്ന വർഷത്തിലാണ് ആപ്പിൾ ഈ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആപ്പിൾ സർക്കാരിനു സമർപ്പി ച്ച കണക്കിലാണ് 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരിവരെ കയറ്റുമതി രണ്ടുലക്ഷം കോടി രൂപ പിന്നിട്ടതായി അറിയിച്ചത്. 2021-22 സാമ്പത്തിക വർഷമാണ് ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിന്ന് കയറ്റുമതി തുടങ്ങുന്നത്. 9,351.6 കോടി രൂപയുടെ ഐഫോണുകളാണ് ആദ്യ വർഷം കയറ്റിപ്പോയത്. രണ്ടാംവർഷമിത് 44,269.5 കോടി രൂപയായി ഉയർന്നു. ടാറ്റാ ഇലക്ട്രോണിക്സ്, ഫോക്സ്കോൺ എന്നിവ ഉത്പാദനരംഗത്ത് ചുവടുറപ്പിച്ചതോടെ ഇത് ക്രമമായി വളർന്നു. 2023-24 സാമ്പത്തി കവർഷം 85,000 കോടിയിലേക്കും 2024-25-ൽ 1.50 ലക്ഷം കോടി രൂപയിലേക്കും കയറ്റുമതി കുതിച്ചു. ഉത്പാദനമേഖലയിൽ ഇന്ത്യയുടെ പ്രതീക്ഷ

കൾക്ക് ചിറകു നൽകുന്നതാണ് ആപ്പിളിൻ്റെ നേട്ടം. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് ഇത് കൂടുതൽ കരുത്തുനൽകുന്ന ഘടകമായിരിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ ഉത്പാദനത്തിലെ വിതരണ ശൃംഖലയിൽ 40 ആഭ്യന്തര കമ്പനികളാണ് ഉൾപ്പെടുന്നത്. ജപ്പാനിൽ നിന്നുള്ള ടി.ഡി.കെ കോർപ്പറേഷൻ, തയ‌്വാൻ കമ്പനികൾ എന്നിവയും ആപ്പിളിനായി ഘടകങ്ങൾ നൽകുന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ ബ്രാൻഡായി ആപ്പിളിന്റെ ഐഫോൺ മാറി. ആഗോളവിപണിയിൽ ഹാർമണൈസ്‌ഡ് സിസ്റ്റം കോഡിലുൾപ്പെട്ട അയ്യായിരത്തിലധികം ഉത്പന്നങ്ങളിൽ നിന്നാണ് ആപ്പിൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2025-26 സാമ്പത്തികവർഷം ഇന്ത്യയിൽ നിന്ന് 2.6 ലക്ഷം കോടി രൂപയുടെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഏകദേശ കണക്ക്. ഇതിൽ 75 ശതമാനംവരെ ഐഫോണിനു സ്വന്തമാണ്.

Previous Post Next Post