ഉയർന്ന വൈദ്യുതി ചാർജ് ഈടാക്കാതിരിക്കാൻ 700 രൂപ കൈക്കൂലി വാങ്ങിയ KSEB ഓവർസിയർക്ക് കഠിന തടവും പിഴയും ശിക്ഷ


മലപ്പുറം :- വൈദ്യുതിക്ക് ഉയർന്ന നിരക്കിലുള്ള ചാർജ് ഈടാക്കാതിരിക്കാൻ 700 രൂപ കൈക്കൂലി വാങ്ങിയ മുൻ കെഎസ്ഇബി ഓവർസിയർക്ക് മൂന്ന് വർഷം കഠിന തടവും പിഴയും ശിക്ഷ. കൈക്കുലി കേസിൽ കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്ഷൻ ഓഫിസിലെ മുൻ ഓവർസിയറെയാണ് വിജിലൻസ് കോടതി മൂന്നു വർഷം കഠിന തടവിനും 10000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. കുറ്റിപ്പുറം സ്വദേശിയായ പരാതിക്കാരൻ്റെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയർന്ന നിരക്കിലുള്ള ചാർജ് ഈടാക്കാതിരിക്കാന്നാണ് മുൻ ഓവർസിയറ കൈക്കൂലി ചോദിച്ചത്. കുറ്റിപ്പുറം കെ.എസ്.ഇ. ബി സെക്ഷൻ ഓഫിസിലെ മുൻ ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ മൈക്കിൾ പിള്ളയെ (60) സംഭവത്തിൽ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതിയാണ് കണ്ടെത്തിയത്.

വീട് നിർമാണ പ്രവർത്തനങ്ങൾക്കായി വൈദ്യുതി ഉപയോഗിക്കാൻ 2020ൽ കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. സെക്ഷൻ ഓഫിസിൽ ഓവർസിയറായിരുന്ന മൈക്കിൾ പിള്ള അപേക്ഷ കൈപ്പറ്റിയശേഷം വൈദ്യുതി ഉപയോഗിക്കാൻ പരാതിക്കാരന് വാക്കാൽ അനുമതി നൽകി. തുടർന്ന്, നിർമാണം പൂർത്തിയാക്കിയശേഷം അധിക നിരക്കിലുള്ള വൈദ്യുതി ചാർജ് അടക്കാനായി കുറ്റിപ്പുറം സെക്ഷൻ ഓ ഫിസിൽ എത്തിയ പരാതിക്കാരനോട്, 1560 രൂപ യഥാർഥത്തിൽ ചാര്‌ജാകുമെന്നും ഈ തുക അടക്കുന്നതിനുപകരമായി 700 രൂ പ തനിക്ക് കൈക്കൂലിയായി നൽകിയാൽ മതിയെന്നും മൈക്കിൾ പിള്ള വിശദമാക്കുകയായിരുന്നു. 

തുടർന്ന് കൈക്കൂലി തുകയായ 700 രൂപ പരാതിക്കാരനിൽനിന്നും കൈപ്പറ്റുമ്പോഴാണ് മലപ്പുറം വിജിലൻസ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടിയത്. കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി ഷിബു തോമസാണ് വിധി പുറപ്പെടുവിച്ചത്. മലപ്പുറം വിജിലൻസ് യൂണിറ്റിലെ മുൻ ഡി വൈ.എസ്.പിമാരായിരുന്ന എ. രാമചന്ദ്രൻ, ഫിറോസ് എം. ഷ ഫീക്ക്, പൊലീസ് ഇൻസ്പെക്ടറായിരുന്ന എം. ഗംഗാധരൻ എന്നിവരാണ് കേസിൻ്റെ അന്വേഷണം നടത്തിയത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് ഹാജരായി.

Previous Post Next Post