കണ്ണൂർ :- ഉണ്ടക്കൊപ്ര വിലയിൽ കേരളത്തെ ബഹുദൂരം പിന്നിലാക്കി കർണാടകയുടെ കുതിപ്പ്. കർണാടക വിപണിയിൽ കേരളത്തിലേതിനെക്കാൾ ക്വിന്റലിന് 8000 രൂപയോളം കൂടുതലുണ്ട് . മുൻപ് ഗുണമേന്മയുടെ കരുത്തിൽ കേരളത്തിലെ ഉണ്ടക്കൊപ്രയ്ക്ക് കർണാടത്തെക്കാൾ ക്വിന്റലിന് 2000 രൂപവരെ കൂടുതൽ ലഭിച്ചിരുന്നു. ഈ ആധിപത്യമാണ് തകർന്നത്. കേരളത്തിൽ ഉണ്ടക്കൊപ്രയ്ക്ക് തിങ്കളാഴ്ച ക്വിന്റലിന് 24,000 രൂപയും കർണാടകയിൽ 32,000 രൂപയുമാണ് വില. കർണാടക വിപണിയിൽ ഉണ്ടക്കൊപ്രയുടെ വരവ് കുറഞ്ഞതോടെയാണ് വില കൂടിയതെന്നാണ് വ്യാപാരികൾ പറയുന്നത്.
ഇത്രയും വില വ്യത്യാസം വന്നിട്ടും ഇത് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നില്ലെന്നുമാത്രമല്ല, സമീപ ദിവസങ്ങളിലായി കേരളത്തിൽ വില കുറയുകയുമാണ്. ഒരു മാസത്തിനിടെ ക്വിൻ്റലിന് 2500 രൂപയോളം കുറഞ്ഞു. ഉണ്ടക്കൊപ്ര സംസ്കരിച്ച് ഉത്പാദിപ്പിക്കുന്ന രാജാപ്പുർ കൊപ്രാവിലയും ആനുപാതികമായി ഇടിഞ്ഞു. കേരളത്തിൽ രാജാപ്പുർ കൊപ്രയ്ക്ക് 29,500 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഇതിനെക്കാൾ 3800 രൂപയോളം കൂടുതലുണ്ട് കർണാടകയിലെ ഉണ്ടക്കൊപ്ര യ്ക്ക്. കർണാടകയിൽ ഉണ്ടക്കൊപ്ര രാജാപ്പുരാക്കി മാറ്റുന്നത് കുറവായതിനാൽ ഉണ്ടയ്ക്ക് വിലകൂടിയത് അവിടെ പ്രശ്നമില്ല. നേരിട്ട് ഉണ്ടക്കൊപ്ര കയറ്റി അയക്കുകയാണ് ചെയ്യുന്നത്.
നേരത്തേ കർണാടകയിൽ ഉണ്ടക്കൊപ്രയ്ക്ക് വില കുറവായതിനാലും കേരളത്തിൽ ആവശ്യത്തിന് ഉണ്ടക്കൊപ്ര കിട്ടാത്തതിനാലും വ്യാപാരികൾ, കർണാടകയിൽ നിന്ന് ഉണ്ടക്കൊപ്ര കേരളത്തിലെത്തിച്ച് രാജാപ്പൂർ കൊപ്രയാക്കിയിരുന്നു. അവിടെ ഉണ്ടക്കൊപ്രയ്ക്ക് വില കൂടിയതോടെ ഇത് നിലച്ചു. സംസ്ഥാനത്ത് സമീപ ദിവസങ്ങളിലായി തേങ്ങയ്ക്കും കൊപ്രയ്ക്കുമെല്ലം വലിയ തോതിൽ വില കുറഞ്ഞു. പച്ചത്തേങ്ങ വില കിലോയ്ക്ക് 46 രൂപയിലെത്തി. കൊപ്രവില 14,500 രൂപയും. 2024 സെപ്റ്റംബർ മുതലാണ് തേങ്ങയ്ക്കും കൊപ്രയ്ക്കും വില കൂടിത്തുടങ്ങിയത്. അന്ന് കിലോയ്ക്ക് 33 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വില 2025 ജൂൺ ആകുമ്പോഴേക്കും 78 രൂപയായി. കൊപ്രവില 26,000 രൂപ. ഈ വർഷം ഫെബ്രുവരി മുതലാണ് വില ഇടിയാൻ തുടങ്ങി യത്.
