മലപ്പുറം :- പ്രിയപ്പെട്ട പേരക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗവാർത്ത കേട്ടതിന് പിന്നാലെ മുത്തച്ഛനും ഈ ലോകത്തോടു വിടവാങ്ങി. തിരൂർ മംഗലം എൻ.ഒ.സി പടിയിൽ ബസ് അപകടത്തിൽ മരിച്ച അൻവറിന്റെ മകൻ മുഹമ്മദ് റിഹാന്റെ (10) മരണവാർത്തയറിഞ്ഞ ആഘാതത്തിലാണ് വല്യുപ്പ ഹനീഫ (84) ഹൃദയാഘാതം മൂലം മരിച്ചത്. പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് പ്രസിഡൻ്റായിരുന്നു ഹനീഫ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന ഈ ഇരട്ട മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എൻ.ഒ.സി പടി പള്ളിക്ക് സമീപം വെച്ചായിരുന്നു മുഹമ്മദ് റിഹാൻ അപകടത്തിൽപ്പെട്ടത്.
പള്ളിയിൽ നിന്നു പഠനം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലത്തിയൂർ മലബാർ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഹാൻ. അപകടവാർത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്ന ഹനീഫ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. വല്യുപ്പയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

