തിരുവനന്തപുരം :- മുപ്പത്തിയേഴുകാരിയായ യുവതിയുടെ കണ്ണിൽ നിന്ന് ജീവനുള്ള പത്തു സെന്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് തമിഴ്‌നാട് സ്വദേശിനിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് കണ്ണിന്റെ നേർത്ത സുതാര്യമായ പാളിയായ കൺജങ്റ്റൈവയ്ക് അടിയിൽ പത്തു സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഒഫ്‌താൽമോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. അസ്ഗർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കണ്ണിന്റെ കാഴ്ചയ്ക്ക് ഒട്ടും തകരാർ സംഭവിക്കാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തു. ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഇടപെടലുമാണ് പ്രധാനമെന്ന് ഡോ. അസ്‌ഗർ അബ്ബാസ് പറഞ്ഞു. ഒരൽപ്പം വൈകിയിരുന്നെങ്കിൽ കാഴ്‌ചശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന 'ഡൈറോ ഫൈലേറിയ' എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വം സന്ദർഭങ്ങളിൽ ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും ശമനമുണ്ടായി, നീർക്കെട്ട് കുറയാനുള്ള മരുന്നുകൾ ഡോക്‌ടർ നിർദ്ദേശിക്കുകയും ചെയ്തു.
