'ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ' ; പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ദില്ലി :- ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രംഗത്തെത്തി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ എന്നും എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

"ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു"- പ്രധാനമന്ത്രി ആശംസിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാൾ ആശംസകൾ നേർന്നിരുന്നു.

ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ആശംസകൾ നേർന്നു. സന്തോഷം നിറഞ്ഞ ബക്രീദ് ആശംസിക്കുന്നുവെന്നും ഇന്നത്തെ ഈ ദിനം നിങ്ങളുടെ വീടുകളിൽ സ്നേഹവും ഒരുമയും നിറയ്ക്കട്ടെയെന്നും രാഹുൽ ഗാന്ധി ആശംസിച്ചു. ബലി പെരുന്നാൾ ആശംസകൾ നേർന്ന പ്രിയങ്ക ഗാന്ധി, ഈ സന്തോഷകരമായ വേള എല്ലാ വീടുകളിലും സമാധാനവും സ്നേഹവും ഐശ്വര്യവും എത്തിക്കട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മനോഭാവവും നേരുന്നുവെന്നും പ്രിയങ്ക ഗാന്ധി ആശംസിച്ചു.

Previous Post Next Post