പെരിയ ഇരട്ടക്കൊലക്കേസ് ; നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു


തിരുവനന്തപുരം :- പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ആറ് പ്രതികൾ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോൾ വിവാദമായത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് ഈ പരോൾ നടപടികൾക്ക് അനുമതി നൽകിയത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോൾ. എൽഡിഎഫ് * സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

Previous Post Next Post