മയ്യിൽ :- വാഹന പാർക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ മയ്യിൽ ടൗണിലൂടെയുള്ള യാത്ര കൂടുതൽ സുഗമായി. റോഡിന്റെ ഇരുവശത്തും ദിനംപ്രതി നിരവധി വാഹനങ്ങൾ നിർത്തിയിടുന്നത് വാഹന - കാൽനട യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. തുടർന്ന് മയ്യിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വെള്ളിയാഴ്ച മുതലാണ് വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മയ്യിൽ ടൗണിൽ പാർക്കിങ് നിരോധിത ബാനറുകൾ സ്ഥാപിച്ചും യാത്രക്കാർക്കും വ്യാപാരികൾക്കും ബോധവൽക്കരണം കൊടുത്തുകൊണ്ടും നടപ്പാക്കിയ പരിഷ്കാരം ആദ്യ ദിനത്തിൽ വലിയ വിജയമായി. ഗതാഗത കുരുക്കുകൾ വലിയ രീതിയിൽ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.
വേളം അമ്പലം റോഡിൽ മിൽക്ക് സൊസൈറ്റി വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും, മയ്യിൽ കാഞ്ഞിരോട് റോഡിൽ പഞ്ചായത്ത് ഓഫിസ് വരെയുള്ള റോഡരിക്, മയ്യിൽ ബസ് സ്റ്റാൻഡ് റോഡിൽ ബസ്സാൻഡ് വരെയുള്ള ഭാഗം, എന്നിവിടങ്ങളിലെ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മയ്യിൽ ബസ് സ്റ്റാൻഡിൽ ടാക്‌സി ഒഴികെയുള്ള വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദനീയമല്ല.
വാഹനങ്ങളുടെ യു ടേൺ ആവശ്യമുള്ള, സിതാര ഫർണിച്ചർ കടയുടെ മുൻവശം (ഇര്യ ഭാഗത്തും) മയ്യിൽ പോലീസ് സ്റ്റേഷന്റെ മുൻഭാഗം, ഹൈസ്കൂൾ ജംഗ്ഷൻ, കാഞ്ഞിരോട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെയും താൽക്കാലിക പാർക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്. പാർക്കിങ്ങിന് പുറമെ മയ്യിൽ CRC ജംഗ്ഷൻ മുന്നിലുള്ള അനധികൃത ബസ് സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. ഫുട്പാത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതും, അധികൃത പാർക്കിംഗ് തടയുന്നതിനും കർശന നിയമ നടപടികൾ പോലീസ് ഡിപ്പാർട്ട്മെന്റും വാഹന ഗതാഗത വകുപ്പും കൈക്കൊള്ളാനും തീരുമാനമുണ്ട്.



