നടൻ സന്തോഷ് കെ നായരുടെ അകാല വിയോഗ വാർത്ത കേട്ടാണ് കേരളം ഇന്നുണർന്നത്. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതുവരെയായി 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിറ്റ് ആയി പ്രദർശിപ്പിക്കുന്ന മോഹിനിയാട്ടമാണ് അവസാന സിനിമ.
തങ്ങളുടെ സഹപ്രവർത്തകനും സുഹൃത്തും ഒക്കെയായ സന്തോഷിൻ്റെ വിയോ ഗ വാർത്ത ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് മലയാള സിനിമാ ലോകവും. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി ഒട്ടനവധി പേർ സന്തോഷിന് അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
"ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജിൽ എൻ്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിൻ്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ", എന്നാണ് മോഹൻലാൽ കുറിച്ചത്.
"വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവൻ്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ", എന്ന് സുരേഷ് ഗോപിയും കുറിച്ചു.
"രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവർത്തയാണ്. ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങി നില്കുകയായിരുന്നു. കൂടെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് ഇത്രയും രസികൻ ആയ ഒരാൾ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും. അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ. ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെറെ ഒപ്പം പങ്കിട്ട നിമിഷങ്ങൾ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു. അത്യധികം വേദനയോടെ വിട", എന്ന് സുരാജ് വെഞ്ഞാറമൂട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
