റാപ്പർ വേടന് തിരിച്ചടി ; പുലിപ്പല്ല് യഥാർഥമാണെന്ന് സ്ഥിരീകരിച്ചു, ഉടൻ കുറ്റപത്രം സമർപ്പിക്കും


കൊച്ചി :- പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി. വേടന്റെ കഴുത്തിലണിഞ്ഞ മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ വേടനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.

മൂന്ന് ദിവസം മുൻപാണ് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയുടെ ഫലം പുറത്തുവന്നത്. വേടൻ കഴിത്തിലണിഞ്ഞ മാലയിലുള്ളത് യഥാർഥ പുലി പല്ല് തന്നെ. വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ ഇത് വ്യക്തമായിരുന്നു. ശാസ്ത്രീയമായ ഉറപ്പിനാണ് ലാബിലേക്ക് അയച്ചത്. വന്യജീവി നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വേടനടക്കം ആറുപേർ കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്.

വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നടന്ന ലഹരി പരിശോധനക്കിടെയാണ് പുലിപല്ല് മാലയും കണ്ടെത്തിയത്. പൊലീസ് ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചു. കോടനാട് നിന്നുള്ള വനംവകുപ്പ് സംഘം വീട്ടിലെത്തി മാല പിടിച്ചെടുത്തു. വേടനെതിരെ കേസും ചുമത്തി. 2022ൽ ചെന്നൈയിൽ നടന്ന റാപ് ഷോക്കിടെ രംജിത് കുംമ്പിടിയെന്ന ശ്രീലങ്കൻ വംശജനാണ് തനിക്ക് മാല സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. രഞ്ജിത്തുമായി സമൂഹ മാധ്യമം വഴിയാണ് വേടൻ പരിചയപ്പെട്ടത്.

കർശന വ്യവസ്ഥകളോടെ പിന്നീട് വേടൻ ജാമ്യത്തിൽ പുറത്തിറങ്ങി. ഒരു വർഷത്തിനുപ്പറം പുറത്തുവന്ന ശാസ്ത്രീയ പരിശോധനയിൽ പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഇത് കൈമാറിയ രഞ്ജിത് കുമ്പിടിയെ പിടികൂടാൻ വനം വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയെന്നാണ് വിവരം. ലാബിലെ പരിശോധന ഫലം ലഭിക്കാനായി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച വനംവകുപ്പ്, ഇതുവരെ * കണ്ടെത്തിയ വിവരങ്ങളും തെളിവുകളും മുൻനിർത്തി വേടനെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ്.

Previous Post Next Post