പള്ളിക്കുന്നിലെ വീട്ടു കിണറ്റിൽ വീണ്ടും ഡീസൽ സാന്നിധ്യം


പള്ളിക്കുന്ന് :- പള്ളിക്കുന്ന് ജയ് ജവാൻ റോഡിൽ വീണ്ടും കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞദിവസം പെയ്ത‌ മഴയ്ക്കു ശേഷമാണ് ചാത്തോത്ത് ഹൗസിൽ സുരേന്ദ്രന്റെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയത്. കിണറിന് സമീപത്തേക്ക് പോകുമ്പോൾ തന്നെ രൂക്ഷമായ ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപും സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളത്തിൽ വൻതോതിൽ ഡീസൽ കലർന്നിരുന്നു. 

പള്ളിക്കുന്നിലെ ജയിൽ വകുപ്പ് നടത്തുന്ന പെട്രോൾ പമ്പിലെ ടാങ്കിലേക്ക് വരുന്ന പൈപ് ലൈൻ ലീക്കായതിനെ തുടർന്നാണ് മണ്ണിലൂടെ ഡീസൽ കിണറുകളിലെത്തിയതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്ന് ജനുവരിയിൽ പമ്പ് അടച്ചിട്ട് ചോർച്ച പരിഹരിക്കാനുളള പ്രവൃത്തി ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങി. പ്രവൃത്തികളുടെ ഭാഗമായി ടാങ്കിലേക്ക് പോകുന്ന മെറ്റലിന്റെ പൈപ്ലൈൻ മാറ്റി എച്ച്ഡി പൈപ്പിട്ടു. ടാങ്കിന് ചുറ്റും ഭിത്തി നിർമാണവും പൂർത്തിയാക്കി. ഡീസൽ സാന്നിധ്യം തിരിച്ചറിഞ്ഞ വീടുകളിലെ വെള്ളം വീണ്ടും പരിശോധിച്ച് ജലം ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. എന്നാൽ മഴ പെയ്ത‌പ്പോൾ മണ്ണിൽ നേരത്തെ കലർന്ന ഡീസൽ വീണ്ടും കിണറ്റിൽ എത്തിയതാകാമെന്നാണ് നിഗമനം.

Previous Post Next Post