തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിയുന്നില്ല ; വിമർശനവുമായി പ്രധാനമന്ത്രി


ബെംഗളൂരു :- കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ പരക്കം പാഞ്ഞത് നമ്മൾ കണ്ടതാണ്. ഇപ്പോൾ കേരളത്തിലും അതേ സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സ്വന്തം അണികൾക്ക് പോലും വെറും വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു. കേരളത്തിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരിഹാസം.

ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തിലാണ് കോൺഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല.

മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടില്ല. എംഎൽഎമാരുടെ സംഖ്യയെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് ഇതുവരെയും എഐസിസി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രചാരണം മാത്രമെന്നാണ് പാർട്ടി വൃത്തങ്ങൾ. വിഡി സതീശന് മുൻതൂക്കം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിൽ അന്തരീക്ഷം തണുത്ത ശേഷം മാത്രം പ്രഖ്യാപനം നടത്തുമെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്.അതേസമയം, മുഖ്യമന്ത്രിപ്പോരിൽ മൂന്നു ചേരികളും പ്രതീക്ഷയിലാണ്. ഇത് കൂളിംഗ് പിരീഡ് മാത്രമെന്നാണ് കെസി വേണുഗോപാലിന്റെ പക്ഷം. കെസിയെ തന്നെ പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഗ്രൂപ്പ്. എന്നാൽ, കൂടുതൽ ചർച്ചകളിലെ പ്രതീക്ഷയിലാണ് വിഡി, ആർസി ചേരികൾ. പാക്കേജുകൾ അറിയില്ലെന്നാണ് വിഡി, ആർസി പക്ഷം അറിയിച്ചിരിക്കുന്നത്.

Previous Post Next Post