കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവ സമയത്ത് വയനാട്ടിൽ നിന്ന് പാൽച്ചുരം വഴി കൊട്ടിയൂരിലേക്ക് വൺവേ സംവിധാനം ഏർപ്പെടുത്തും. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇത് ബാധകമല്ല. വാഹനങ്ങൾ നെടുംപൊയിൽ-പേര്യ ചുരം വഴി തിരികെപ്പോകണമെന്നും പോലീസ് അധികൃതർ നിർദേശിച്ചു. വൈശാഖോത്സവത്തിൻ്റെ മുന്നോടിയായി പോലി സിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വൈശാഖോത്സവം സുഗമമായി നടത്താൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ പറഞ്ഞു. കഴിഞ്ഞ ഉത്സവകാലങ്ങളിൽ നേരിട്ട വലിയ പ്രശ്നം ഗതാഗതവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയും കന്നഡ സംസാരിക്കാൻ അറിയുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഉത്സവ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ആവശ്യപ്പെട്ടു. റോഡുകളുടെ അവസ്ഥ കഴിഞ്ഞ ഉത്സവ കാലത്തേക്കാൾ ശോചനീയമാണെന്നും ശൗചാലയങ്ങൾ അപര്യാപ്തമാണെന്നും ഉത്സവത്തിന്റെ ഒരുക്കങ്ങളൊന്നും ആയിട്ടില്ലെന്നും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ യോഗത്തിൽ പറഞ്ഞു. അമ്പായത്തോട് മുതൽ മണത്തണ വരെ റോഡിന്റെ ഇരുവശവും വീതികൂട്ടി കോൺക്രീറ്റ് ചെയ്യാൻ ഈ സമയം വരെയും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ലെന്നും കാനപോലും പോലും വൃത്തിയാക്കിയില്ലെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് വിമർശിച്ചു.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റോഡിലേക്കിറക്കിയുള്ള വഴിയോര കച്ചവടവും ഒഴിവാക്കാൻ പോലീസ് ഇടപെടണമെന്ന് കൊട്ടിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സംസാരിച്ച പഞ്ചായത്തംഗം ജോണി ആമക്കാട്ട് ആവശ്യപ്പെട്ടു. ക്യൂ നിൽക്കുന്നവർ കുഴഞ്ഞുവീഴുന്ന സാഹചര്യത്തിൽ അക്കരെ കൊട്ടിയൂരിൽ മെഡിക്കൽ സംവിധാനം ഒരുക്കണമെന്ന നിർദേശം പോലീസ് മുന്നോട്ടു വെച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പത് മുതൽ ആറ് വരെ പ്രവർത്തിക്കാനുള്ള ജീവനക്കാർ മാത്രമാണ് ഉളളതെന്നും ജില്ലയിൽ 160 ഇടത്ത് ഡോക്ടർമാരുടെ കുറവുണ്ടെന്നും മറ്റിടങ്ങളിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്ക് സർക്കാർ ഡോക്ടർമാരെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. അർജുൻ ജോസ് മറുപടി നൽകി. സ്വകാര്യ ആസ്പത്രികളിൽനിന്നുളള ഡോക്ടർമാരുടെ സേവനം തേടണമെന്ന് നേരത്തേതന്നെ നിർദേശിച്ചതാണെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.
മുൻ വർഷങ്ങളിലെ പോലെ തന്നെ മണിത്തറയിൽ പ്രസാദവിതരണം ഇരുവശങ്ങളിൽ വെച്ച് നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ ദേവസ്വത്തിന് പോലീസ് നിർദേശം നൽകി. പ്രസാദവിതരണത്തിന് തിരുവഞ്ചിറക്ക് പുറത്ത് കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തണം. മണിത്തറയിൽ പ്രസാദവിതരണം ഭണ്ഡാര എഴുന്നള്ളത്തോടുകൂടിത്ത എന്നെ തുടങ്ങണം. കൂടുതൽ സി.സി.ടി.വി ക്യാമറകൾ സജ്ജീകരിക്കണം. അപ്പം, പ്രസാദം വിതരണ കൗണ്ടർ രാത്രി വരെ പ്രവർത്തിപ്പിക്കണം. കുളിക്കടവിൽ മന്ദംചേരി മുതൽ ഇടബാവലി തുടങ്ങിയ സ്ഥലങ്ങളിൽ ദിവസം മുഴുവൻ അഗ്നിരക്ഷാസേനയുടെ സേവനം ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനം ദിവസം മുഴുവനും ഉറപ്പുവരുത്തണം. ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധനകൾ ശക്തമാക്കണം. കൊട്ടിയൂർ പി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വർധിപ്പിക്കാൻ നടപടിസ്വീകരിക്കണം. കൂടുതൽ ആംബുലൻസ് സംവിധാനം 24 മണിക്കൂറും ഒരുക്കണം.
