കേരളത്തിൽ അടുത്ത വർഷം ചൂട് ഇനിയും കൂടും ; മഴ കുറയും


കൊച്ചി :- 'എൽ നിനോ' കൂടി എത്തുന്നതോടെ അടുത്ത വർഷം ചൂട് ഇനിയും കൂടും, മഴ ദുർബലമാകും. ലോകത്തു തന്നെ ചൂടു കൂടുന്ന പ്രവണത ഏറ്റവുമധികം കാണുന്നത് അറബിക്കടലിൽ ആയതിനാൽ കേരള തീരത്തെ ഇതു കാര്യമായി ബാധിക്കുമെന്നു സിഎംഎഫ്ആർഐ ഡയറക്ട‌റും സമുദ്ര കാലാവസ്‌ഥാ പഠന വിദഗ്‌ധനുമായ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഉഷ്ണ‌ജല പ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി, പസിഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതലം അസാധാരണമായി ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. 

ഈ വർഷം നവംബർ-ഡിസംബറിൽ തെക്കേ അമേരിക്കയിലെ പെറുവിൽ രൂപപ്പെടുന്ന എൽനിനോയുടെ ആഘാതം അടുത്ത ഏപ്രിൽ-മേയിൽ കേരളത്തിൽ അനുഭവപ്പെടും. ഈ വർഷത്തെക്കാൾ ചൂട് കൂടും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ, പ്രത്യേകിച്ചും കേരളം- കൊങ്കൺ തീരമേഖലയിൽ കരയിലും കടലിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. സമുദ്രോപരിതല താപനില കൂടുന്നത് ഉപരിതല മത്സ്യങ്ങളായ മത്തി, അയല തുടങ്ങി ഇനങ്ങളുടെ ലഭ്യതയെ മാത്രമല്ല, തീരക്കടലിന്റെ അടിത്തട്ടിനോടു ചേർന്നു കാണപ്പെടുന്ന കിളിമീൻ പോലെയുള്ളവയെയും ബാധിക്കും. ജലപ്രവാഹത്തിന്റെ ദിശ മാറ്റം മത്സ്യത്തിന്റെ സഞ്ചാര ഗതിമാറ്റുന്നത് കണവ, കൂന്തൽ പോലെയുള്ള മത്സ്യങ്ങളുടെ ലഭ്യതയെയും ബാധിച്ചേക്കാം.

Previous Post Next Post