സ്ത്രീകൾക്ക് KSRTC യിൽ സൗജന്യയാത്ര ; സർക്കാരിന് ചെലവ് 90 കോടി


തിരുവനന്തപുരം :- സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന ഗ്യാരണ്ടി പാലിക്കാൻ കെ എസ് ആർ ടി സിക്ക് സർക്കാർ നൽകേണ്ടി വരിക ഏകദേശം 90 കോടി രൂപ. ഓർഡിനറി, ഫാസ്റ്റ് ബസുകളിൽ മാത്രമായി സൗജന്യ യാത്ര ചുരുക്കിയാലും 60 കോടി രൂപ കണ്ടെത്തേണ്ടി വരും. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനായി ഖജനാവിൽ നിന്ന് 50 കോടി രൂപ മാസം തോറും അനുവദിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെ കെ എസ് ആർ ടി സിയിൽ സൗജന്യ യാത്രയെന്ന രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടി കൂടി നടപ്പാക്കിയാൽ പുതിയ സർക്കാരിന് മുന്നിൽ വലിയ ബാധ്യതയാകും എന്ന് ഉറപ്പാണ്.

രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളിൽ പ്രധാനമായിരുന്നു കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. അധികാരത്തിൽ എത്തിയ സ്ഥിതിക്ക് ഇനി പദ്ധതി നടപ്പാക്കണം. പണം എവിടെ എന്ന് പ്രധാന ചോദ്യം. മൂന്ന് ദിവസം മുമ്പ് തന്നെ കെ എസ് ആർ ടി സി ഇതിനുള്ള പ്രാഥമിക നടപടികളും തുടങ്ങി. സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പായിരുന്നു ആദ്യം. യാത്രക്കാരിൽ 55 നും 60 ശതമാനത്തിനുമിടയിൽ സ്ത്രീകൾ എന്നാണ് കണക്ക്. എല്ലാ തരം ബസുകളിലും സൗജന്യ യാത്ര നടപ്പാക്കണമെങ്കിൽ 90 കോടി രൂപയെങ്കിലും കെ എസ് ആർ ടി സിക്ക് നൽകേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമം. ഫാസറ്റ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ മാത്രമായി യാത്ര ചുരുക്കിയാൽ 60 കോടി രൂപയും. ടിക്കറ്റ് മെഷീനിൽ ലിംഗ വിത്യാസം രേഖപ്പെടുത്തിയുള്ള പ്രകിയ പൂർത്തിയായാലേ അന്തിമ കണക്ക് ലഭ്യമാകൂ. 

നിലവിൽ സർക്കാരിന്റ ഔദ്യാരത്തിലാണ് കെ എസ് ആർ ടി സിയുടെ ഓട്ടം. ജീവനക്കാർക്ക് ശമ്പളം നൽകണമെങ്കിൽ മാസം 80 കോടി രൂപ വേണം. സർക്കാർ ഖജനാവിൽ നിന്ന് മാസം തോറും കിട്ടുന്ന 50 കോടി രൂപ കൂടി കൊണ്ടാണ് ശമ്പളം നൽകുന്നത്. ഇതിന് പുറമേയാണ് ഇനി സൗജന്യ യാത്രയുടെ ഭാരവും കെ എസ് ആർ ടി സിയുടെ തലയിൽ വരിക. സൗജന്യ യാത്രയോടെ കെ എസ് ആർ ടി സിയുടെ ദിവസ വരുമാനത്തിലും കാര്യമായി ഇടിവ് വരും. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ശരാശരി 21 ലക്ഷമാണ്. എട്ടുകോടി രൂപയാണ് ദിവസേനയുള്ള ടിക്കറ്റ് വരുമാനം.

ഈ വരുമാനത്തിന്റെ പകുതിയും ചെലവാക്കുന്നത് ഡീസൽ അടിക്കാനാണ്. സൗജന്യ യാത്രയിലൂടെ ചുരുങ്ങിയത് 3 കോടി രൂപയെങ്കിലും ദിവസ വരുമാനത്തിൽ കുറവു വരും. സ്ഥിരം ജീവനക്കാർക്ക് അടുത്തകാലത്ത് എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം എം പാനൽ ജീവനകാർക്ക് രണ്ടു തവണയായാണ് ശമ്പളം നൽകുന്നത്. പെൻഷൻ അനൂകൂല്യങ്ങൾ 2024 മെയ് മാസത്തിന് ശേഷം കുടിശിഖയാണ്. ഡി എ കുടിശിഖ ആയി നിൽക്കുമ്പോഴാണ് അടുത്തിടെ ഏഴ് ശതമാനം വർധിപ്പിച്ചത്. വായ്‌പ, പലിശ ബാധ്യതകൾ വേറെയും വരും. സൗജന്യയാത്രയുടെ പണം ഏതെങ്കിലും ഘട്ടത്തിൽ മുടങ്ങിയാൽ കെ എസ് ആർ ടി സിയുടെ നടുവൊടിയുമെന്ന് ചുരുക്കം. ഗ്യാരണ്ടിയിൽ നിന്ന് പിന്നോട്ട് പോയാൽ നാണക്കേടുമാകും. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ തീരുമാനം എന്താകുമെന്നത് കണ്ടറിയണം.

Previous Post Next Post