കമ്പിൽ:- പുതിയ അധ്യയനവർഷത്തിൽ അംഗൻവാടികളിലേക്ക് നവാഗതരായെത്തിയ കുരുന്നുകൾക്ക് സ്നേഹസമ്മാനങ്ങളുമായി ജനപ്രതിനിധി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ മെമ്പർ പി.കെ.പി. നസീറാണ് തന്റെ ഡിവിഷനിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മാതൃകയായത്.
ഡിവിഷൻ പരിധിയിൽ വരുന്ന പാമ്പുരുത്തി, കമ്പിൽ, പന്ന്യങ്കണ്ടി, ചെറുക്കുന്ന്, പാട്ടയം, വളവിൽ ചേലേരി, ചേലേരി സെൻട്രൽ എന്നീ വാർഡുകളിലെ പത്ത് അംഗൻവാടികളിലായി പ്രവേശനം നേടിയ അറുപതോളം കുട്ടികൾക്കാണ് സ്നേഹോപഹാരം വിതരണം ചെയ്തത്.
ആദ്യമായി അങ്കണവാടിയുടെ പടികയറിയെത്തുന്ന കുട്ടികളിൽ പഠനാന്തരീക്ഷം കൂടുതൽ മനോഹരമാക്കാനും, വിദ്യാലയങ്ങളോടുള്ള ഭയം മാറ്റി സന്തോഷം ഇരട്ടിയാക്കാനും ഈ വേറിട്ട ഇടപെടലിലൂടെ സാധിച്ചതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് മുൻഗണന നൽകിക്കൊണ്ട് ജനപ്രതിനിധി നേരിട്ടെത്തിയാണ് സമ്മാനങ്ങൾ കൈമാറിയത്.
