കാനഡയ്ക്കുള്ള പരീക്ഷയിൽ പരാജയപ്പെട്ടു ; പരീക്ഷാ പരിശീലന കേന്ദ്രത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥി, 1.07 ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകാൻ ഉത്തരവ്


കോഴിക്കോട് :- ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ 1.07 ലക്ഷം രൂപ നഷ്ട‌പരിഹാരം നൽകാൻ ഉത്തരവ്. സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി സ്വകാര്യ ഐഇഎൽറ്റിഎസ് (ഇൻ്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പരീക്ഷാ കേന്ദ്രത്തിനെതിരേ നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി. കോഴ്സ് ഫീസായ 92,180 രൂപ തിരിച്ചു നൽകാനും നഷ്ട‌പരിഹാരമായി 15,000 രൂപ നൽകാനുമാണ് ഉത്തരവിൽ പറയുന്നത്. പ്രസിഡന്റ് എസ്. പ്രിയ, കമ്മീഷൻ അംഗം വി. ബാലകൃഷ്‌ണൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്ന സ്ഥാപനത്തിലെ കോഴിക്കോട്ടെ സെന്ററിലാണ് വിദ്യാർത്ഥിനി പരിശീലനത്തിനായി ചേർന്നിരുന്നത്. എന്നാൽ യോഗ്യതക്കാവശ്യമായ കട്ട്ഓഫ് മാർക്ക് നേടാൻ വിദ്യാർത്ഥിനിക്ക് സാധിച്ചില്ല. സിലബസ് പ്രകാരമുള്ള ക്ലാസുകൾ പോലും സ്ഥാപനത്തിൽ നിന്നും കൃത്യമായി ലഭിച്ചില്ലെന്ന് വിദ്യാർത്ഥി കമ്മീഷന് നൽകിയ പരാതിയൽ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരനും മാങ്കാവ് സ്വദേശിയുമായ ആൾ പരിചയപ്പെടുത്തിയ ശേഷമാണ് പെൺകുട്ടി കോഴ്‌സിന് ചേർന്നത്. കാനഡയിൽ വിദ്യാഭ്യാസം നേടാനുള്ള എല്ലാ അവസരങ്ങളും വാഗ്‌ദാനം ചെയ്ത ഇയാൾ അത് സാധ്യമായില്ലെങ്കിൽ മുഴുവൻ ഫീസും തിരിച്ചു നൽകുമെന്ന ഉറപ്പും നൽകിയിരുന്നു. ആവശ്യമായ ക്ലാസുകളും സേവനങ്ങളും നൽകുന്നതിൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്‌ച സംഭവിച്ചതായി കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Previous Post Next Post