കൊട്ടിയൂർ :- കൊട്ടിയൂർ, പ്രകൃതിയും ഭക്തിയും കൈകോർക്കുന്ന അത്യപൂർവ്വ അനുഭവം തേടി മഹാദേവ ക്ഷേത്രം വൈശാഖ മഹോത്സവത്തിലേക്ക് ഇതര സംസ്ഥാനത്ത് നിന്നുൾപ്പെടെ നിരവധിപേരാണ് എത്തുന്നത്. ഓരോ വർഷവും ഇവിടേക്ക് ഒഴുകിയെത്തുന്ന ജനസാഗരം ഇത്തവണ പതിവിലും ഇരട്ടിയാണ്.ദക്ഷയാഗത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വർഷംതോറും നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തിസാന്ദ്രമായ അനുഷ്ഠാനങ്ങളാലും അനേകം വിശ്വാസികളുടെ പങ്കാളിത്തത്താലും ശ്രദ്ധേയമാണ്.
കർണ്ണാടകയിൽ നിന്നും വലിയ തോതിൽ ആളുകൾ ഇത്തവണ കൊട്ടിയൂരിലേക്കെത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ വൈകുന്നേരത്തോടെ തിരക്ക് അൽപ്പം കുറഞ്ഞിരുന്നെങ്കിലും നിലവിൽ രാത്രി ഏറെ നേരം വൈകിയും വിലയ തിരക്കും ഗതാഗതകുരുക്കുമാണ്. കർണ്ണാടകയിൽ നിന്നുമെത്തുന്ന തീർത്ഥാടകർ പ്രസിദ്ധമായ മാടായിക്കാവ്, പറശിനി മുത്തപ്പൻ മടപ്പുര എന്നിവിടങ്ങളിലും സന്ദർശിച്ചതിനു ശേഷമാണ് മടങ്ങുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം അടുക്കാൻ പറ്റാത്ത വിധം തിരക്കാണ്.
ബാവലിപ്പുയുടെ കരയിൽ ഇടതൂർന്ന വനത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന 28 ദിവസത്തെ ഈ വൈശാഖ മഹോത്സവം വടക്കൻ കേരളത്തിന് മാത്രമല്ല കേരളത്തിലാകെയും അയൽ സംസ്ഥാനങ്ങൾക്കും ഒരു അതുല്യമായ അനുഭവമാണ്. കണ്ണൂർ ജില്ലയിലെ ബാവലിപ്പുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ആതിഥേയത്വം വഹിക്കുന്ന ഈ ഉത്സവം വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. വയനാട്ടിലെ മുതിരേരിക്കാവിൽ നിന്ന് കൊട്ടിയൂരിലേക്ക് വാൾ എത്തിക്കുന്നതോടെ ആരംഭിക്കുന്ന നെയ്യാട്ടത്തോടെ (നെയ്യ് ഒഴിക്കൽ) ആണ് ആചാരങ്ങൾ ആരംഭിക്കുന്നത്. ആകർഷകമായ മറ്റൊരാചാരമാണ് രോഹിണി ആരാധന, മറ്റൊരു പ്രധാന ആചാരം ഇളനീർ വയ്പ്പ് ആണ്, ഇളനീരാട്ടത്തോടെയാണ് ഉത്സവം അവസാനിക്കുന്നത്. മേയ് 30 മുതൽ ജൂൺ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം.
കൊട്ടിയൂർ ഉത്സവം പുരാണങ്ങളിലും പാരമ്പര്യങ്ങളിലും ആഴത്തിൽ വേരൂന്നിയതാണ്. ഐതിഹ്യം അനുസരിച്ച്, പുരാതന ദക്ഷയാഗം നടന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്റെ പത്‌നിയായ സതി യജ്ഞാഗ്‌നിയിൽ സ്വയം തീകൊളുത്തി, അവളുടെ മരണത്തിൽ കോപാകുലയായ ശിവൻ വീരഭദ്രനെ സൃഷ്ടിച്ചു, വീരഭദ്ര യജ്ഞം നശിപ്പിച്ച് ദക്ഷനെ കൊന്നു. പിന്നീട്, ബ്രഹ്‌മാവ്, വിഷ്ണു എന്നിവരുൾപ്പെടെയുള്ള ദേവന്മാർ ശിവനെ സമാധാനിപ്പിച്ചു. ഇത് യജ്ഞം പുനഃസ്ഥാപിക്കുന്നതിനും ദക്ഷന് മോക്ഷം നൽകുന്നതിനും കാരണമായി.ഉത്സവ സമയത്ത് മാത്രമാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം തുറക്കുന്നത്. നദിയുടെ അക്കരെ സ്ഥിതി ചെയ്യുന്ന ഇക്കരെ കൊട്ടിയൂർ ക്ഷേത്രം വർഷം മുഴുവനും ഭക്തർക്കായി തുറന്നു നൽകും. സഹ്യ പർവതനിരകൾക്കും ബാവലി നദിയിലെ ഔഷധസസ്യങ്ങൾക്കും ഇടയിലുള്ള മനോഹരമായ ഈ ക്ഷേത്രങ്ങൾ ഉത്സവത്തിന്റെ പവിത്രത ഒന്നു കൂടി വർദ്ധിപ്പിക്കുകയാണ്.
