2027 ലെ ഹജ്ജ് തീർത്ഥാടനത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം


ന്യൂഡൽഹി :- 2027 ലെ ഹജ്ജ് തീർഥാടനത്തിനായി ജൂലൈ 20 വരെ അപേക്ഷിക്കാം. ജൂലൈ അവസാനം നടക്കുന്ന നറുക്കെടു പ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വർ ഓഗസ്റ്റ് 10 നു മുൻപ് 1.52 ലക്ഷം രൂപ മുൻകൂർ നിക്ഷേപിക്കണം. സമയപരിധി നീട്ടില്ലെന്നും കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. കംപ്യൂട്ടറിന് റീഡ് ചെയ്യാൻ കഴിയുന്ന പാസ്പോർട്ട് ആയിരിക്കണം. അലോട്ട് ചെയ്ത ഹജ് സീറ്റുകൾ റദ്ദാക്കിയാൽ പിഴ ഈടാക്കും. കേരളത്തിൽ നിന്ന് ഇത്തവണയും കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഹജ് പുറപ്പെടൽ (എംബാർക്കേഷൻ) കേന്ദ്രങ്ങളുണ്ടാകും. 

20 ദിവസം കൊണ്ട് ഹജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങാനുള്ള ഹ്രസ്വ പാക്കേജ് (ഷോർട് ഹജ് പാക്കേജ്) കൊച്ചി അടക്കം രാജ്യത്തെ 8 പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കാം. 10,000 പേർക്കാണ് ആകെ ഈ അവസരം. ഓൺലൈൻ അപേക്ഷ നൽകുമ്പോൾ തന്നെ ഹ്രസ്വ പാക്കേജ് വേണ്ടവർ അതു തിരഞ്ഞെടുക്കണം. ഓൺലൈൻ നറുക്കെടുപ്പിലൂടെയാണ് ഹ്രസ്വ പാക്കേജിനും ആളുകളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ എണ്ണം 10,000ൽ കവിഞ്ഞാൽ മറ്റൊരു നറുക്കെടുപ്പ് കൂടി നടത്തും. നിലവിൽ ഹജ് യാത്രയ്ക്ക് ഏകദേശം 40 ദിവസം ആവശ്യമാണ്.

 ഇത്തവണയും 70% ഹജ് സീറ്റുകൾ (1,22,518) ഹജ് കമ്മിറ്റിക്കും 30% ഹജ് ഗ്രൂപ്പ് ഓർഗനൈസർമാർക്കുമാണ് (52,507). വെയ്‌റ്റ് ലിസ്റ്റിലെ ആദ്യ 20% പേർക്ക് മുൻഗണന നൽകും. നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്നതിനുള്ള പ്രായം 65 ആയി തുടരും. ഒരു സഹായിക്കും ഈ ആനുകൂല്യം ലഭിക്കും. സഹായിയുടെ പരമാവധി പ്രായം 65. മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കു മെഹ്റം ഇല്ലാത്ത വിഭാഗത്തിൽ നിലവിലുള്ള മുൻഗണന തുടരും. ഇവരിൽ 65 വയസ്സിനു മുകളിൽ ഉള്ളവർ ഉണ്ടെങ്കിൽ ഒരു സഹായി നിർബന്ധമാണ്. അവരുടെ പ്രായപരിധി 45-60.

Previous Post Next Post