കൊച്ചി :- ഒരേ സമയം കരളും വൃക്കയും മാറ്റിവയ്ക്കുന്ന അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോലഞ്ചേരി വടയമ്പാടി തറയിൽ വിജയലക്ഷ്മി (25) അന്തരിച്ചു. കേരളത്തിലെ മെഡിക്കൽ കോളജുകൾ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മണിപ്പാൽ മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 50 ലക്ഷം രൂപ ചെലവിലായിരുന്നു ശസ്ത്രക്രിയ. ചികിത്സാ സഹായ സമിതി സമാഹരിച്ച 35 ലക്ഷം രൂപയുമായി അമ്മ കമല ആശുപത്രിയെ സമീപിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് അധികൃതർ അനുമതി നൽകിയിരുന്നു.
തുടർന്നുള്ള ചികിത്സാച്ചെലവ് കണ്ടെത്താൻ കുടുംബം വീട് വരെ വിറ്റെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം വിജയ ലക്ഷ്‌മിക്ക് രണ്ട് വർഷം മാത്രമാണ് ജീവൻ നിലനിർത്താനായത്. ഇന്നലെ വൈകുന്നേരം ആസ്റ്റർ മെഡ്സിറ്റിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11-ന് വടയമ്പാടി പൊതുശ്മശാനത്തിൽ നടക്കും. വടയമ്പാടി തറയിൽ വിജയൻ്റെയും കമലയുടെയും മകളാണ്. സഹോദരൻ: വിവേക്.
