അധികാരത്തിലെത്തി തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രി സ്ഥാനത്ത് ; ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പുത്തൻ നാഴികക്കല്ല് കുറിച്ച് നരേന്ദ്രമോദി


ദില്ലി :- തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4,399 ദിവസം (12 വർഷവും 14 ദിവസവും) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കി മോദി സർക്കാർ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്. 2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂൺ 9നും സത്യപ്രതിജ്ഞ ചെയ്തു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണിത്.

1952 മെയ് 13 മുതൽ 1964 മെയ് 27 വരെയായിരുന്നു നെഹ്റുവിന്റെ കാലയളവ്. 1947 മുതൽ 1952 വരെ നെഹ്റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ അല്ലായിരുന്നു അധികാരമേറ്റത്. ഇന്ദിര ഗാന്ധി 4,077 ദിവസങ്ങളാണ് (1966 ജനുവരി 24 1977 മാർച്ച് 24) പ്രധാനമന്ത്രി പദവി വഹിച്ചത്. 2025 ജൂലൈ 25-ഓടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവിനെയും (1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ - 4,077 ദിവസങ്ങൾ) മോദി മറികടന്നിരുന്നു. നെഹ്റുവിന് ശേഷം ഭരണത്തിലിരിക്കെത്തന്നെ തുടർച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയം നേടുന്ന ആദ്യ പ്രധാനമന്ത്രിയെന്ന നേട്ടവും മോദി സ്വന്തമാക്കിയിട്ടുണ്ട്.

Previous Post Next Post