കൊട്ടിയൂരിൽ ഇന്ന് രേവതി ആരാധന


കൊട്ടിയൂർ :- കൊട്ടിയൂരിൽ ബുധനാഴ്ച രേവതി ആരാധന നടക്കും. ഇളന്നീരാട്ടത്തിന് ശേഷമുള്ള പ്രധാന ആരാധനാനാളിൽ ഉച്ചയ്ക്ക് ആരാധനാ സദ്യയും പൊന്നിൻ ശീവേലിയും ഉണ്ടാകും. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയാകും. സന്ധ്യക്ക് നടക്കുന്ന പൂജയൊപ്പം പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടക്കും. കോട്ടയം കോവിലകത്തു നിന്ന് കൊണ്ടുവരുന്ന ദ്രവ്യങ്ങൾ ഉപയോഗിച്ചാണ് കളഭം തയ്യാറാക്കുക.

വൈശാഖോത്സവത്തിലെ നാലാമത്തെ ആരാധന ജൂൺ 14 ന് രോഹിണി നാളിലാണ്. സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും അന്നേദിവസം നടക്കും. നാല് ആരാധനകൾ പൂർത്തിയാകുന്നതോടെ ചതുശതങ്ങൾ ആരംഭിക്കും. ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ജൂൺ 16 നാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ആരംഭിച്ച ഇളന്നീരാട്ടം രാവിലെ ആറരയോടെ പൂർത്തിയായി. മണിത്തറയിലെത്തിയ എല്ലാ ഇളനീരുകളും അഭിഷേകം ചെയ്തു. ഇതിനുശേഷം ഇളനീർ തൊണ്ടുകൾ ഭക്തർക്ക് പ്രസാദമായി നൽകി. വലിയ ഭക്തജനത്തിരക്കാണ് ചൊവ്വാഴ്ചയും കൊട്ടിയൂരിലുണ്ടായത്.

Previous Post Next Post