ജയിൽ ബിരിയാണിക്ക് വിലകൂട്ടി; ഒരുമാസം ചുട്ടെടുക്കുന്നത് 7.82 ലക്ഷം ചപ്പാത്തി, വൻ ഡിമാന്റ്



കണ്ണൂർ: ഫ്രീഡം ഫുഡ്‌ എന്നപേരിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ജയിൽ ഭക്ഷണത്തിന് വില കൂട്ടി. ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽനിന്ന്‌ 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽനിന്ന് 50 ആയും റൈസിന് 40-ൽനിന്ന്‌ 45 രൂപയുമായാണ് വർധന. മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയിട്ടില്ല.

ജയിൽ ഉത്പന്നങ്ങളിൽ ഏറ്റവും ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്. വർധന അഞ്ചിന് പ്രാബല്യത്തിലായി. സാധനവില വർധിച്ചതിനാൽ ഉത്‌പന്നവിലയും കൂട്ടണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പ് ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. വിലക്കുറവും ഗുണമേന്മയുമുള്ളതിനാൽ ജയിൽഭക്ഷണത്തിന് വൻ ഡിമാന്റുണ്ട്

ഒരുമാസംചുട്ടെടുക്കുന്നത് 7.82 ലക്ഷം ചപ്പാത്തി

മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽനിന്ന്‌ ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് പ്രധാന വിഭവങ്ങൾ.

സെൻട്രൽ ജയിലിനുസമീപത്ത് പുതുതായി നിർമിച്ച ജയിൽ കഫെ, ജയിലിനുമുന്നിലെ രണ്ട് കൗണ്ടറുകൾ, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകൾ, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിൽ ജയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.

Previous Post Next Post