കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന നിധിൻ രാജിനെ കാസർഗോഡ് പോലീസ് മേധാവിയായി നിയമിച്ചു


കാസർഗോഡ് :- സ്വന്തം നാടിൻ്റെ പൊലീസ് മേധാവിയായി ചുമതലേൽക്കുക എന്നത് ഏതൊരു ഐപിഎസുകാരൻ്റെയും ആഗ്രഹമാണ്. അത്തരത്തിൽ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്. പുതുതായി ചുമതലയേറ്റ നിധിൻ രാജ് കാസർഗോഡ്  രാവണീശ്വരം സ്വദേശിയാണ്. കേരളത്തിൽ തന്നെ അപൂർവമാണ് സ്വന്തം ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായി നിയമിക്കുക എന്നത്. സംസ്ഥാന കേഡറിൽ ചുമതലയേറ്റ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാരുകൾ സ്വന്തം ജില്ലയിൽ തന്നെ നിയമിക്കാറില്ല. അതാണ് പിന്തുടരുന്ന ചട്ടം.

കണ്ണൂർ സിറ്റി പൊലീസ് കമീഷണറായിരുന്നു നിധിൻ രാജ്. കോഴിക്കോട് റൂറൽ എസ്പ‌ിയായിരിക്കെയാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി സ്ഥാനമാറ്റം ലഭിച്ചത്. തലശേരി എഎസ്‌പിയായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നാണ് അദ്ദേഹം കാസർകോടിൻ്റെ മേധാവിയായി എത്തുന്നത്. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സിവിൽ സർവിസ് പരിശീലനം. രണ്ടാമത്തെ അവസരത്തിലും മൂന്നാമതും നിധിൻ സിവിൽ സർവിസ് നേടി. ആദ്യ തവണ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും 10 മാർക്കിനു മെയിൻ പരീക്ഷ കടക്കാനായിരുന്നില്ല. എൻജിനീയറിങ് പൂർത്തിയാക്കി സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുമ്പോഴും സിവിൽ സർവീസ് ആയിരുന്നു മനസ്സിൽ. അങ്ങനെയാണ് സിവിൽ സർവീസിലേക്ക് എത്തുന്നത്.

എസ്എസ്എൽസി വരെ രാവണേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠനം. പ്ലസ് ടുവിന് ദുർഗയിലാണ് പഠിച്ചത്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലായിരുന്നു ഐപിഎസ് പരിശീലനം. പ്രാദേശിക മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്. പ്രാദേശിക ചാനലിന് വേണ്ടി നടത്തിയ റിപ്പോർട്ടിങ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്. ഭാര്യ ലക്ഷ്‌മി കൃഷ്‌ണൻ. സഹോദരി അശ്വതി. സ്ഥാനമൊഴിയുന്ന ബിവി വിജയ ഭരത് റെഡ്ഡി ഐപിഎസിൽ നിന്നും ഇന്ന് 21 നിധിൻ രാജ് ചുമതലയേറ്റെടുത്തു.

Previous Post Next Post