മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ്. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഏപ്രിൽ മാസം 18,249 അന്താരാഷ്ട്ര യാത്രക്കാരാണുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 94,249 യാത്രക്കാരുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഗൾഫ് സർവീസുകൾ വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്. എന്നാൽ, സർവീസുകൾ പൂർണമായും മുടങ്ങിയ മാർച്ച് മാസത്തേക്കാൾ യാത്രക്കാർ ഏപ്രിലിൽ വർധിച്ചിട്ടുണ്ട്. 12,920 പേരുടെ വർധനയാണ് അന്താരാഷ്ട്ര യാത്രക്കാരിലുണ്ടായത്.

മാർച്ചിൽ 5,329 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരിൽ 9325 പേരുടെയും വർധനവുണ്ടായി.അതേസമയം, ആഭ്യന്തര സർവീസുകളിൽ കുറവ് വരുത്താൻ ഒരുങ്ങുകയാണ് എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. വിമാന ഇന്ധനത്തിൻ്റെ വില വർധിച്ചതും യുദ്ധം മൂലമുള്ള പ്രതിസന്ധിയും കണക്കിലെടുത്താണ് സർവീസു കളുടെ എണ്ണം കുറയ്ക്കുന്നത്. 

ഇൻഡിഗോ കണ്ണൂർ-ബെംഗളൂരു സെക്ടറിലുള്ള മൂന്നാമത്തെ സർവീസ് 16 മുതൽ നിർത്തും. കണ്ണൂർ-ഡൽഹി സെക്ടറിലെ പ്രതിദിന സർവീസ് ആഴ്ച യിൽ മൂന്ന് ദിവസമായി ചുരുക്കും. ജൂലായ് ഒന്നുമുതലാണ് ഇൻഡിഗോ ഡൽഹി സർവീസ് കുറയ്ക്കുന്നത്. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സർവീസ് എയർഇന്ത്യ എക്സ്പ്രസ് അവസാനിപ്പിച്ചു. പ്രതിസന്ധി തുടർന്നാൽ അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും കുറവു വരുത്തിയേക്കും. ടിക്കറ്റ് നിരക്കുകൾ വർധിക്കാനും ഇത് ഇടവരുത്തും.

Previous Post Next Post